അച്ഛന്റെ ഉപദ്രവം സഹിക്കാന്‍ കഴിയുന്നില്ല, ഞാന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം; ഹാദിയയുടെ വീഡിയോ പുറത്ത്
അച്ഛൻ ഉപദ്രവിക്കുന്നു, എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം: ഹാദിയയുടെ വീഡിയോ പുറത്ത്
ഇസ്ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി മാതാപിതാക്കളോടൊപ്പം വിട്ടയച്ച ഹാദിയ(അഖില), താൻ വീട്ടില്‍ സുരക്ഷിതയല്ലെന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. രാഹുൽ ഈശ്വറാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം എറണാകുളത്ത് വാർത്താ സമ്മേളനം വിളിച്ചായിരുന്നു രാഹുല്‍ ഈ വീഡിയോ പുറത്തുവിട്ടത്.
അച്ഛന്‍ എന്നെ ഉപദ്രവിക്കുകയാണ്, എത്രയും പെട്ടെന്ന് നിങ്ങള്‍ എന്നെ പുറത്തെത്തിക്കണം, ഞാൻ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കും- ഹാദിയ ആ വീഡിയോയില്‍ പറയുന്നു. പിതാവ് തന്നെ നിരന്തരം അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതായും ദൃശ്യങ്ങളില്‍ പറയുന്നുണ്ട്. രാഹുൽ ഈശ്വര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്.
കഴിഞ്ഞ വർഷമായിരുന്നു ഷെഫിൻ ജഹാൻ എന്ന യുവാവിനെ വിവാഹം ചെയ്ത് അഖില എന്ന ഹാദിയ ഇസ്ളാം മതത്തിലേക്ക് പരിവർത്തനം ചെയ്തത്. സുപ്രീം കോടതി കഴിഞ്ഞ ആഗസ്റ്റിൽ ദേശീയ അന്വേഷണ ഏജൻസിയോട് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്ന ഈ കേസിൽ, അന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷെഫിൻ മുമ്പ് ഹർജി നൽകിയിരുന്നു.
എന്നാൽ ഒക്ടോബർ 3നാണ്, 24 വയസുള്ള പെൺകുട്ടിയെ മാതാപിതാക്കൾക്ക് തടവിൽ പാർപ്പിക്കാൻ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ഹാദിയയുടെ വീട്ടിൽ സന്ദർശകർക്ക് പൊലീസ് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ഒക്ടോബർ 7 ന് കേരള സർക്കാർ സുപ്രീം കോടതിയോട് എൻ.ഐ.എയുടെ അന്വേഷണം ആവശ്യമില്ലെന്നും, സ്റ്റേറ്റ് പൊലീസ് അന്വേഷണത്തിന് പ്രാപ്തരാണെന്നും അറിയിച്ചിരുന്നു.