പൊലീസ് നടത്തിയ നരനായാട്ടാണ് പുതുവൈപ്പില്‍ കണ്ടത്; സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന പൊലീസ് വാദം തളളി സിപിഐ
ഡിസിപിയെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് കാനം
കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുതുവൈപ്പിനില്‍ നടന്ന സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന പൊലീസ് വാദം തളളിയാണ് ഭരണകക്ഷിയായ സിപിഐയും പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുന്നത്. പൊലീസ് നടത്തിയ നരനായാട്ടാണ് പുതുവൈപ്പില്‍ കണ്ടത്. ആ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം. ഇത്തരം ആളുകളെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
ജന്നങ്ങള്‍ ഐഒസിയെ എതിര്‍ക്കുന്നത് കൊണ്ട് അവര്‍ വികസനത്തിന് എതിരാണെന്ന് കരുതരുത്. സമരം ചെയ്യുന്നവര്‍ക്ക് തീവ്രവാദ ബന്ധം ആരോപിക്കുന്നതിന് പിന്നില്‍ യുഎപിഎ ചുമത്താനുളള ശ്രമമാണോ നടക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കാനം പറഞ്ഞു. അതേസമയം, പുതുവൈപ്പിലുണ്ടായ പൊലീസ് നടപടിയെ ന്യായീകരിക്കാന്‍ കഴിയില്ല. ജനകീയ സമരമാണ് അവിടെ നടക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ആ സമരവുമായി ബന്ധമില്ലെന്ന് ചെന്നിത്തല പറഞ്ഞു.
തീവ്രവാദ ആരോപണം ഉന്നയിച്ച് സമരം പൊളിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സമരസമിതിയും കുറ്റപ്പെടുത്തി. പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ തീവ്രവാദികളുണ്ടെന്ന് നേരെത്തെ പൊലീസ് പറഞ്ഞിരുന്നു. ഇത്തരക്കാരുടെ സാന്നിധ്യം സമരപ്പന്തലിലും പുറത്തും കണ്ടെത്തിയിട്ടുണ്ട്. സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് തീവ്രസംഘടനകളുമായി ബന്ധമുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്നും ഇതിനെക്കുറിച്ചുളള അന്വേഷണം സമാന്തരമായി നടക്കുകയാണെന്നും റൂറല്‍ എസ്പി ജോര്‍ജ് വ്യക്തമാക്കുകയും ചെയ്തിരുന്നു.