തെറ്റില്‍ നിന്നും തെറ്റിലേക്കാണ് മുഖ്യമന്ത്രി പോകുന്നത്: വിമര്‍ശനവുമായി ചെന്നിത്തല
കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ ആളുകളെ വെറുപ്പിച്ച സര്‍ക്കാറാണ് ഇതെന്ന് ചെന്നിത്തല
ഉപദേശകരുടെ എണ്ണം കൂടിയപ്പോള്‍ മുഖ്യമന്ത്രിക്ക് എല്ലാ കാര്യത്തിലും ആശയക്കുഴപ്പമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാം ശരിയാക്കാം എന്ന വാഗ്ദാനവുമായാണ് ഈ സര്‍ക്കാര്‍ എത്തിയത്. എന്നാല്‍ പറഞ്ഞ കാര്യങ്ങളൊന്നും പാലിക്കാന്‍ ഇതുവരെയും കഴിഞ്ഞില്ലെന്നു മാത്രമല്ല ജനജീവിതം കൂടുതല്‍ ദുസ്സഹവുമാക്കി മാറ്റുകയാണ് കഴിഞ്ഞ ഒരാണ്ട് കൊണ്ട് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകളെ വെറുപ്പിച്ച സര്‍ക്കാര്‍ എന്ന തൊപ്പിയാകും പിണറായിയുടെ തലയില്‍ ചേരുകയെന്നും ചെന്നിത്തല ആരോപിച്ചു.
പൊതുജന അഭിപ്രായത്തിന് വിരുദ്ധമായ പ്രവര്‍ത്തനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഒരു തെറ്റില്‍ നിന്നും മറ്റൊരു തെറ്റിലേക്കാണ് മുഖ്യമന്ത്രി പോയിക്കൊണ്ടിരിക്കുന്നത്. ഈഗോയും ധാര്‍ഷ്ട്യവും താന്‍ പോരിമയുമൊക്കെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റ ശൈലി ആയി. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നവര്‍ എക്കാലത്തും ആ പദവിയുടെ ഔന്നത്യം സൂക്ഷിക്കാറുണ്ട്. എന്നാല്‍ മുഖ്യമന്ത്രി, സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയത് എല്ലാവരെയും ഞെട്ടിപ്പിച്ചെന്നും പിടിവാശികളാണ് മുഖ്യമന്ത്രിയെ നയിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഉത്തരം വളഞ്ഞാല്‍ മോന്തായം മുഴുവന്‍ വളയും എന്നു പറയുന്നത് പോലെയുള്ള അവസ്ഥയാണ് കേരളത്തിലെ പൊലീസ് വകുപ്പ്. പൊലീസ് മന്ത്രിക്ക് പൊലീസിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യം ഉണ്ടായാല്‍ പിന്നെ അഭ്യന്തര വകുപ്പു മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ല. മികച്ച പൊലീസ് ഉദ്യോഗസ്ഥന്‍ എന്നു പരക്കെ അറിയപ്പെടുന്ന സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കിയാണു ലോക്‌നാഥ് ബഹ്‌റയെ നിയമിച്ചത്. സ്ത്രീപീഡനങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ശിശു പീഡനങ്ങളും നിയന്ത്രിക്കാന്‍ കഴിയാതെ പൊലീസ് കുഴഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.