ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തന്‍റെ അറിവില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്നത്തെ അന്വേഷണത്തില്‍ സംശയമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും തിരുവഞ്ചൂര്‍. ടിപി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതിന്‍റെ പ്രതിഫലമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോള്‍ കിട്ടിയ സോളാര്‍ കേസെന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചതിനുള്ള മറുപടിയായാണ് തിരുവഞ്ചൂര്‍ ഇങ്ങനെ പറഞ്ഞത്.
ടിപി കേസില്‍ എന്‍റെ അറിവില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ല. ആ കേസിലെ ഗൂഢാലോചനക്കാരും പിടിയിലായിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായില്ല എന്ന് പറയുന്നത് ശരിയല്ല. കേസ് യു ഡി എഫ് കൈകാര്യം ചെയ്തത് സത്യസന്ധമായാണ്.
വിശദമായ അന്വേഷണം ഗൂഢാലോചനയെക്കുറിച്ചും നടത്തിയിരുന്നു. തെളിവുണ്ടെങ്കില്‍ മാത്രമാണ് ഏത് കേസിലും നടപടിയെടുക്കാന്‍ കഴിയുന്നത്. കോടതിയും അന്നത്തെ അന്വേഷണം ശരിയായ ദിശയിലാണെന്ന് നിരീക്ഷിച്ചിരുന്നു - തിരുവഞ്ചൂര്‍ വ്യക്തമാക്കി.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ സഹായിച്ചെന്നാണ് എനിക്കെതിരെയുള്ള കേസ്. ഈ ആരോപണത്തിലൊന്നും ഒരു കാര്യവുമില്ല. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട് കൂറുകാണിക്കാറുണ്ട്. ഈ കേസില്‍ ആസൂത്രിത നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത് - തിരുവഞ്ചൂര്‍ പറഞ്ഞു.