ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവം; വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് കീഴടങ്ങി
ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് കീഴടങ്ങി
കൈവശഭൂമിക്ക് നികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യചെയ്ത കേസില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി. പേരാമ്പ്ര സിഐക്ക് മുമ്പില്‍ ഇന്നലെയാണ് സിലീഷ് തോമസ് കീഴടങ്ങിയത്. അയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
മലയോരമേഖലയായ ചെമ്പനോടയിലെ കാവിൽ പുരയിടം തോമസ് എന്ന ജോയി(58) ബുധനാഴ്ച രാത്രിയായിരുന്നു ചെമ്പനോട വില്ലേജ് ഓഫിസിന്റെ വരാന്തയിൽ ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചെമ്പനോട വില്ലേജ് ഓഫിസർ കെ എ സണ്ണിയെയും സിലീഷിനെയും കലക്ടർ സസ്പെൻഡ് ചെയ്തിരുന്നു.
ജോയിയുടെ ഭാര്യയുടെ പേരിലുള്ള 80 സെന്റ് ഭൂമിയുടെ ഇക്കൊല്ലത്തെ നികുതി സ്വീകരിക്കാത്തതിനെ തുടർന്നായിരുന്നു ആത്മഹത്യ. തോമസിന്റെ ഭൂനികുതി സ്വീകരിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ മനഃപൂർവമായ കാലതാമസം വരുത്തിയതായി റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ ചെമ്പനോട വില്ലേജ് ഓഫിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.