ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ഛേദിക്കപ്പെട്ട ജനനേന്ദ്രിയം പൂര്‍വസ്ഥിതിയിലാകില്ലെന്ന് ഡോക്ടര്‍മാര്‍; യുവതിക്കെതിരെ കേസെടുക്കാന്‍ സാധ്യത
ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ഛേദിക്കപ്പെട്ട ജനനേന്ദ്രിയം സജീവമാകില്ല
വർഷങ്ങളായി നീണ്ടുനിന്ന ലൈംഗിക അതിക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സ്വാമിയുടെ അവസ്ഥ പൂര്‍വസ്ഥിതിയിലാകാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍. ഗംഗേശാനന്ദ തീര്‍ത്ഥപാദ എന്ന ഹരിസ്വാമിയുടെ ഛേദിക്കപ്പെട്ട ജനനേന്ദ്രിയം ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തിരുന്നു. എങ്കിലും അത് ഫലപ്രദമാകില്ലെന്നാണ് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്.
സ്വാമിയുടെ ലൈംഗിക അതിക്രമം തടയാനായി യുവതി കത്തിയുപയോഗിച്ചാണ് ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. സംഭവം നടന്നതിനുശേഷം അരമണിക്കൂര്‍ കഴിഞ്ഞാണ് ഗംഗേശാനന്ദയെ യുവതിയുടെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. അറ്റുപോയ ജനനേന്ദ്രിയവും അവര്‍ കൂടെ കൊണ്ടുവന്നിരുന്നു. ആ സമയത്തിനകം തന്നെ അറ്റുപോയ ഭാഗത്തെ രക്തം ഏറെ വാര്‍ന്നുപോയിരുന്നു. ഞരമ്പുകളുടെ ചലനശേഷി നഷ്ടമായിരുന്നെങ്കിലും അത് തുന്നിച്ചേര്‍ത്തിരുന്നുവെന്നും ഡോക്ടര്‍മാര്‍ വിശദമാക്കി.
പിന്നീട് നടന്ന പരിശോധനകളിലാണ് തുന്നിച്ചേര്‍ത്തഭാഗം സജീവമാകുന്നില്ലെന്ന് കണ്ടെത്തിയത്. ഇനി അതിനുളള സാധ്യത കുറവാണെന്നും പഴുപ്പോ മറ്റോ ഉണ്ടായാല്‍ അതുപേക്ഷിക്കേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജനനേന്ദ്രിയം നഷ്ടമാകുകയും വൃഷണം തുടരുകയും ചെയ്താല്‍ ഭാവിയില്‍ അത് ബുദ്ധിമുട്ടായിരിക്കും. രോഗംവന്ന ലിംഗം നീക്കം ചെയ്താല്‍ വൃഷണസഞ്ചിയും ശസ്ത്രക്രിയ ചെയ്ത് നീക്കണം. ഇല്ലെങ്കില്‍ ലൈംഗിക ചോദനമുണ്ടാകുമ്പോള്‍ മനസിനെയും ശരീരത്തെയും ദോഷകരമായി ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം സ്വാമിയെ ക്രൂരമായി മുറിവേല്‍പ്പിച്ച യുവതിക്കെതിരെ കേസെടുക്കണമെന്ന പരാതിയും ഡിജിപിക്ക് ലഭിച്ചിട്ടുണ്ട്. വിവരാവകാശ പ്രവര്‍ത്തകനായ പായിച്ചിറ നവാസ് എന്ന വ്യക്തിയാണ് പെണ്‍കുട്ടിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി സ്വാമി തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇത്രയേറെ പീഡനങ്ങള്‍ നടന്നിട്ടും നിയമവിദ്യാര്‍ത്ഥിനി കൂടിയായ ഈ യുവതി എന്തുകൊണ്ട് ഇക്കാര്യം തുറന്നുപറഞ്ഞില്ലെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.