പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 20 ദിവസമായി നടന്നുവന്ന സമരമാണ് അവസാനിപ്പിച്ചത്. പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തെ അധിക്ഷേപിച്ച് മന്ത്രി എം എം മണി നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകയായ ഗോമതിയുടെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിച്ചത്.
എം എം മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും മണി മാപ്പുപറയണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഒന്നും നിറവേറാതെയാണ് ഇപ്പോള്‍ സമരം അവസാനിപ്പിച്ചിരിക്കുന്നത്.
എന്നാല്‍, ജൂണ്‍ ഒമ്പതുമുതല്‍ ഭൂസമരം ആരംഭിക്കുമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കള്‍ അറിയിച്ചു.
പെമ്പിളൈ ഒരുമൈ സമരത്തിന് കോണ്‍ഗ്രസിന്‍റെയും യു ഡി എഫിന്‍റെയും ബി ജെ പിയുടെയും എഎപിയുടെയും പിന്തുണയുണ്ടായിരുന്നു. എഎപി നേതാക്കള്‍ പെമ്പിളൈ ഒരുമൈ നേതാക്കള്‍ക്കൊപ്പം നിരാഹാരസമരം നടത്തുകവരെ ചെയ്തതാണ്. ഉമ്മന്‍ചാണ്ടി നേരിട്ടെത്തിയാണ് സമരത്തിന് യു ഡി എഫിന്‍റെ പിന്തുണ അറിയിച്ചത്. എന്തായാലും മണിക്കെതിരെ നടത്തിയ സമരം പെമ്പിളൈ ഒരുമൈയ്ക്ക് ഇപ്പോള്‍ എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടിവന്നിരിക്കുകയാണ്.