തമിഴ്‌നാട് തീരത്തോട് ചേർന്ന് ചക്രവാതചുഴി(cyclone) രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇതിനെ തുടർന്ന് ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്. ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ബുധനാഴ്‌ച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.
അതേസമയം കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ തൃശൂർ ജില്ലയിൽ പരക്കെ നാശമുണ്ടായി. ചാലക്കുടി കൊന്നക്കുഴിയില്‍ കോഴിഫാമിലേക്ക് വെള്ളം കയറി മുന്നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. തൃശൂര്‍ കിഴക്കുംപാട്ടുകരയില്‍ മതില്‍ ഇടിഞ്ഞ് 2 വീടുകള്‍ക്ക് വിള്ളല്‍ വീണു.കോഴിക്കോടും ശക്തമായ മഴയാണുള്ളത്. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. രാത്രി 7.30 ഓടെ തുടങ്ങിയ മഴയില്‍ മുക്കത്ത് കടകളിൽ വെള്ളം കയറി. ചൂലൂരിലും വെള്ളക്കെട്ട് രൂപപ്പെട്ടു.