Yearend Roundup 2023: മുഖം മിനുക്കാന്‍ പിണറായി സര്‍ക്കാര്‍, കളം പിടിക്കാന്‍ സതീശനും ടീമും; 2023 ലെ കേരള രാഷ്ട്രീയം
ഒരു കാട്ടാന കേരള രാഷ്ട്രീയത്തെ സ്വാധീനിച്ചതും ഈ വര്‍ഷമാണ്. മനുഷ്യജീവനു ഭീഷണിയായ അരിക്കൊമ്പന്‍ എന്ന കാട്ടാനയാണ് കേരളത്തിനു പുറത്ത് പോലും ചര്‍ച്ചയായത്
Yearend Roundup 2023: കോവിഡിനു ശേഷം കേരളം എല്ലാ തലങ്ങളിലും തിരിച്ചുവരവ് സാധ്യമാക്കിയ വര്‍ഷമാണ് 2023. പോയ വര്‍ഷം രാഷ്ട്രീയ കേരളം കണ്ടത് ഒട്ടേറെ വിവാദങ്ങളും ചൂടേറിയ വാര്‍ത്തകളുമാണ്. ദീര്‍ഘകാലം കോണ്‍ഗ്രസിനൊപ്പം നിന്ന കെ.വി.തോമസ് ഇടത് പാളയത്തിലേക്ക് എത്തിയതാണ് ആദ്യമായി രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച വാര്‍ത്ത. കെ.വി.തോമസിനെ കാബിനറ്റ് പദവിയോടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി പിണറായി സര്‍ക്കാര്‍ നിയമിച്ചു.
ലൈഫ് മിഷന്‍ പദ്ധതിക്കായി വിദേശ നിക്ഷേപം സ്വീകരിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ ഫെബ്രുവരി 14 നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ശക്തമായി രംഗത്തെത്തിയിരുന്നു.
ഒരു കാട്ടാന കേരള രാഷ്ട്രീയത്തെ സ്വാധീനിച്ചതും ഈ വര്‍ഷമാണ്. മനുഷ്യജീവനു ഭീഷണിയായ അരിക്കൊമ്പന്‍ എന്ന കാട്ടാനയാണ് കേരളത്തിനു പുറത്ത് പോലും ചര്‍ച്ചയായത്. മയക്കുവെടിവെച്ച് പിടിച്ച ശേഷം അരിക്കൊമ്പനെ ജനവാസ മേഖലയായ ചിന്നക്കനാലില്‍ നിന്ന് തമിഴ്‌നാട്ടിലെ വനാതിര്‍ത്തിയിലേക്ക് മാറ്റി. അരിക്കൊമ്പനുമായി ബന്ധപ്പെട്ടും ഭരണപക്ഷ, പ്രതിപക്ഷ നേതാക്കള്‍ കൊണ്ടും കൊടുത്തും ആഘോഷിച്ചു.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതും ഈ വര്‍ഷം തന്നെ. ഏപ്രില്‍ 25 ന് കേരളത്തിന് ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ലഭിച്ചു. മേയ് 11 ന് നടന്ന ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം രാഷ്ട്രീയ കേരളത്തിലും വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. എന്നാല്‍ വന്ദന ദാസിന്റെ കൊലപാതകത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷിന്റെ ആത്മഹത്യയും വലിയ ചര്‍ച്ചയായി. കോളേജ് മാനേജ്‌മെന്റിനെതിരെ സര്‍ക്കാര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തി. കോളേജ് അധികൃതരുടെ മാനസിക പീഡനങ്ങളെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സമദൂരം പാലിക്കുകയാണ് ചെയ്തത്. ക്രൈസ്തവ മാനേജ്‌മെന്റിനു കീഴില്‍ ഉള്ള കോളേജ് ആയതിനാല്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ഭരണപക്ഷത്തു നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ പി.എം.അര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദവും എസ്.എഫ്.ഐ നേതാവായിരുന്ന കെ.വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസും ഭരണ-പ്രതിപക്ഷ പോരിനു കാരണമായി. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും നടത്തിയ അമേരിക്ക, ക്യൂബ സന്ദര്‍ശനവും വലിയ വാര്‍ത്തയായിരുന്നു. ടൈംസ് സ്‌ക്വയറില്‍ ലോക കേരള സഭ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിച്ചത് ഭരണപക്ഷം വലിയ അഭിമാനത്തോടെയും പ്രതിപക്ഷം പരിഹാസത്തോടെയും സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചു.
SFI Protest against Governor
പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ അറസ്റ്റ് രേഖപ്പെടുത്തിയതും ഈ വര്‍ഷമാണ്. ഏകീകൃത സിവില്‍ കോഡിനെതിരെ സിപിഎം നടത്തിയ ദേശീയ സെമിനാര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. കോഴിക്കോടാണ് സെമിനാര്‍ നടന്നത്.
മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ പി.വി.ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതും ചാനലിലെ കംപ്യൂട്ടറുകള്‍ അടക്കം പിടിച്ചെടുത്തതും വലിയ വാര്‍ത്തയായിരുന്നു. ചാനല്‍ മേധാവി ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതികളും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും രാഷ്ട്രീയ കേരളം ചൂടോടെ ചര്‍ച്ച ചെയ്തു.
എ.എന്‍.ഷംസീറിന്റെ 'ഗണപതി മിത്ത്' പരാമര്‍ശം വന്‍ വിവാദമായി. ബിജെപി ഇതിനെതിരെ ശക്തമായി രംഗത്തെത്തി. നായര്‍ സര്‍വീസ് സൊസൈറ്റി നാമ ജപ യാത്ര നടത്തുകയും ചെയ്തു. ബിജെപിക്ക് ഒപ്പം ചേര്‍ന്ന് കോണ്‍ഗ്രസും ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചു. എന്നാല്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ഈ വിഷയത്തില്‍ നിന്ന് അകലം പാലിക്കുകയാണ് നല്ലതെന്നും വിലയിരുത്തി കോണ്‍ഗ്രസ് തങ്ങളുടെ പ്രതിഷേധം മയപ്പെടുത്തി.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അന്തരിച്ചത് ഈ വര്‍ഷത്തെ കേരള രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ നഷ്ടമാണ്. ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തുടര്‍ച്ചയായി ഹൗളിങ് ഉണ്ടാക്കിയതും ഇതേ തുടര്‍ന്ന് പരിപാടിക്ക് ശബ്ദം ഒരുക്കിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തും വിവാദമായി. പിന്നീട് ഈ കേസ് പിന്‍വലിച്ചു.
Chandy Oommen and Oommen Chandy
ഉമ്മന്‍ചാണ്ടി അന്തരിച്ച ഒഴിവില്‍ പുതുപ്പള്ളിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം നേടി. ജെയ്ക് സി തോമസ് ആയിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ഥി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി.മെയ്തീനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്തി. എംവിഡിയും റോബിന്‍ ബസ് ഉടമയും തമ്മിലുള്ള നിയമ പോരാട്ടങ്ങളും പോയ വര്‍ഷം രാഷ്ട്രീയ കേരളം ചര്‍ച്ചയാക്കി.
ഒക്ടോബര്‍ 15 ന് കേരളത്തിന്റെ സ്വപ്‌ന പ്രൊജക്ടായ വിഴിഞ്ഞം തുറമുഖ പദ്ധതി ഉദ്ഘാടനം ചെയ്തു. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടത്തിയ കേരളീയം പരിപാടി വന്‍ വിജയമായി. എല്ലാ വര്‍ഷവും കേരളീയം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന എന്നിവര്‍ പങ്കെടുത്ത കേരളീയം ഉദ്ഘാടന പരിപാടി മലയാളത്തിനു പുറത്തും ചര്‍ച്ചയായി.
നവംബര്‍ 18 നാണ് 'സഞ്ചരിക്കുന്ന മന്ത്രിസഭ' എന്ന നൂതന പദ്ധതി ആവിഷ്‌കരിച്ച് 'നവകേരള സദസ്' ആരംഭിച്ചത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും നവകേരള സദസ് നടന്നു. പരിപാടി ധൂര്‍ത്താണെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍ കേരളത്തിന്റെ ഭാവിക്ക് ഏറ്റവും ഉപകാരപ്പെടുന്ന പദ്ധതിയെന്നാണ് ഭരണപക്ഷം വാദിച്ചത്.
ശബരിമലയിലെ വന്‍ ഭക്തജന തിരക്കും രാഷ്ട്രീയ വിവാദമായി. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന കാര്യങ്ങള്‍ ശബരിമലയില്‍ ഇല്ലെന്ന് പ്രതിപക്ഷവും ബിജെപിയും വാദിച്ചു. എന്നാല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും എല്ലാ വര്‍ഷത്തേയും പോലെ ശബരിമല തീര്‍ത്ഥാടനം ഭംഗിയായി നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ തിരിച്ചടിച്ചു.
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കേരളത്തിനു പുറത്തും ചര്‍ച്ചയായി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലകളില്‍ കാവി വല്‍ക്കരണത്തിനു ശ്രമിക്കുകയാണെന്ന് ആരോപിച്ച് എസ്.എഫ്.ഐ വന്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി. ഗവര്‍ണര്‍ ആര്‍എസ്എസുകാരനെ പോലെ പെരുമാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വിവാദങ്ങളില്‍ മുങ്ങിയ വര്‍ഷം കൂടിയായിരുന്നു 2023. തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി എത്തുമെന്ന് ഉറപ്പായി. മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന്റെ പേരില്‍ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഒടുവില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണവും പോയ വര്‍ഷം രാഷ്ട്രീയ കേരളത്തിനു വലിയ നഷ്ടമായി.