ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി .മഹേശന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടു എസ് .എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇവരെ കൂടാതെ വെള്ളാപ്പള്ളിയുടെ മാനേജര്‍ അശോകനെതിരെയും കേസെടുക്കും.
കഴിഞ്ഞ ജൂണ്‍ 23 നായിരുന്നു മഹേശന്‍ ആത്മഹത്യ ചെയ്തത്. മഹേശന്‍ എഴുതി വച്ചിരുന്ന വിശദമായ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ വിശ്വസ്ഥന്‍ കൂടിയായിരുന്നു മഹേശന്‍. മാവേലിക്കര യൂണിയനിലെ മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ മഹേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം മഹേശന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.
മഹേശന്റെ ആത്മഹത്യ സംബന്ധിച്ച് പോലീസ് വേണ്ട രീതിയില്‍ അന്വേഷിക്കുന്നില്ല എന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിയില്‍ വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണം എന്നായിരുന്നു ആവശ്യം.