വരാപ്പുഴയിൽ ശ്രീജിത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യ മന്ത്രി പിണരായി വിജയൻ. സംഭവം സംസ്ഥാനത്തിനാകെ തന്നെ അപമാനമുണ്ടാക്കി. കസ്റ്റഡി മരണത്തിൽ സർക്കാർ കർശന നടപടിയെടുത്തു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിനു തന്നെ കേസെടുത്തിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.
പൊലീസുകാരും നിയമത്തിന് വിധേയരാണ്. കുറ്റം ചെയ്തത് പൊലീസുകാരായത് കൊണ്ട് അവരെ സംരക്ഷിക്കില്ല. മൂന്നാം മുറ നടത്തിയാല്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം വരാപ്പുഴ വീടാക്രമണക്കേസിലെ യഥാർത്ഥ പ്രതികൾ കോടതിയിൽ കീഴടങ്ങി. വിപിന്‍, വിഞ്ചു, തുളസീദാസ് എന്ന ശ്രീജിത് എന്നിവരാണ് കീഴടങ്ങിയത്. പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് തടയാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും പോലിസിന്റെ കണ്ണുവെട്ടിച്ച് ഇവർ കോടതിയിൽ കീഴടങ്ങുകയായിരുന്നു.
കീഴടങ്ങിയ മൂന്നു പ്രതികളേയും കോടതി റിമാന്റ് ചെയ്തു. വാസുദേവന്റെ വീടാക്രമിച്ചതിൽ ശ്രീജിത് ഉണ്ടായിരുന്നില്ല എന്ന് ഇവർ കോടതിയിൽ വ്യക്തമാക്കി.