ചിലർക്ക് മുന്നിൽ നിയമം വഴിമാറുന്നു: സർക്കാരിനെ പരോക്ഷമായി വിമർശിച്ച് വി എസ്
ചിലർക്ക് മുന്നിൽ നിയമം വഴിമാറുന്നു: സർക്കാരിനെ പരോക്ഷമായി വിമർശിച്ച് വി എസ്
നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് വി എസ് അച്യുതാനന്ദൻ. സർക്കാരിന്റെ വികസന കാഴ്‌ചപ്പാടിൽ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വികസനത്തിന്റേയും സുസ്ഥിരവികസനത്തിന്റേയും അതിൽ വരമ്പ് നിശ്ചയിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണം ശക്തമായ മഴ തന്നെയാണ്. എന്നാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാക്കിയത് നാം പ്രകൃതിയിൽ നടത്തിയ ഇടപെടലുകളാണ്. നമ്മുടെ നയ രൂപീകരണത്തിൽ പിഴവ് സംഭവിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദുരന്ത നിവാരണത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കാണിക്കുന്ന ശുഷ്‌കാന്തി ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിലും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തിലെമ്പാടുമുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കണം. അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കണം. മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് കേരളം രാഷ്‌ട്രീയമായാണ് പരിഗണിച്ചത്. പശ്ചിമഘട്ടത്തോട് പൊരുതാനുള്ള ശേഷി കേരളത്തിനില്ലെന്ന് മനസ്സിലാക്കണം. പരമ്പരാഗത ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അടച്ചു കളഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. അശാസ്ത്രീയമായ വികസനത്തിനായി വിലകൊടുക്കേണ്ടിവരുന്നത് പശ്ചിമഘട്ടമാണ്. വികസനം വേണ്ടെന്ന് ആരും പറയില്ല. കൃത്യമായ മാസ്റ്റര്‍ പ്ലാനില്ലാതെ വ്യക്തിഗത വികസന പ്രവർത്തനങ്ങൾ നടത്തരുത്.
ചിലർക്ക് മുന്നിൽ നിയമം വഴിമാറുകയും അത് പല വിമർശനങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യുന്നു. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി ഇടയ്ക്ക് വെച്ച് നിര്‍ത്തിവെക്കേണ്ടി വന്നു. ഇത് വീണ്ടും ആരംഭിക്കണം. വികസനത്തിന്റെ പേരില്‍ അനിയന്ത്രിതമായി പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണ'മെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.