തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാഷ് കൗണ്ടറില്‍ കമ്പ്യൂട്ടര്‍ കേടായതിനാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി. ജനറല്‍ ആശുപത്രിയില്‍ മന്ത്രി രാവിലെ സന്ദര്‍ശിച്ചപ്പോള്‍ വിവിധ പരിശോധനകള്‍ക്ക് ബില്ലടയ്ക്കേണ്ട ക്യാഷ് കൗണ്ടറില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇത് രോഗികള്‍ക്കേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടു. ഇതിന്റെ കാരണമന്വേഷിച്ച മന്ത്രിയോട് അവിടെയുണ്ടായിരുന്ന ജീവനക്കാരി പറഞ്ഞത് കമ്പ്യൂട്ടര്‍ കേടായെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ്. സൂപ്രണ്ടിനെയും ഇ ഹെല്‍ത്ത് ജീവനക്കാരേയും വിളിച്ചു വരുത്തിയപ്പോള്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതോടെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടര്‍ പുന:സ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.