തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരുമായ അമ്മമാര്‍ക്ക് സ്ഥിരം വരുമാനം സാധ്യമാക്കുന്നതിനായാണ് ഒരു ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്. ആദ്യ ഘട്ടം ഒരു ജില്ലയില്‍ 2 അമ്മമമാര്‍ക്ക് വീതം 28 അമ്മമാര്‍ക്കാണ് ഇലക്ട്രിക് ഓട്ടോ നല്‍കുന്നത്. ഇതിനായി 49 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
വാഹനത്തിന്റെ ടാക്സ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ അപേക്ഷകര്‍ വഹിക്കേണ്ടതാണ്. വാഹനം ഗുണഭോക്താവിന്റെ പേരില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂ എന്നും ഒരിക്കലും കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ലെന്നുമുള്ള സാക്ഷ്യപത്രം സാമൂഹ്യനീതി ഡയറക്ടര്‍ വാങ്ങി ആര്‍.ടി.ഒ.യ്ക്ക് നല്‍കുന്നതാണ്. വാഹനം വില്‍ക്കുവാനോ കൈമാറ്റം ചെയ്യുവാനോ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ ഈട് വയ്ക്കുവാനോ പാടുള്ളതല്ല. അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം തിരികെ പിടിച്ചെടുക്കുന്നതാണ്.