തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി എസ്. ആര്യ രാജേന്ദ്രന്‍ ചുമതലയേറ്റു. മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നും 549 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ആര്യ കോര്‍പ്പറേഷനിലെ 54 അംഗങ്ങളുടെ പിന്തുണയോടെയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. എന്‍.ഡി.എയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സിമി ജ്യോതിഷ് 35 വോട്ടുകളും യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ മേരി പുഷ്പം ഒന്‍പത് വോട്ടുകളും നേടി. ആകെ 99 അംഗങ്ങള്‍ വോട്ടു രേഖപ്പെടുത്തിയതില്‍ കൃത്യമായി പേരും ഒപ്പും രേഖപ്പെടുത്താത്തതിനാല്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ മുല്ലൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ സി. ഓമനയ്ക്ക് വോട്ടു രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല.
ഡെപ്യൂട്ടി മേയറായി പട്ടം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ രാജുവിനെ തെരഞ്ഞെടുത്തു. 55 അംഗങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. എന്‍.ഡി.എയുടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായ ബി. അശോക് കുമാര്‍ 34 വോട്ടുകള്‍ നേടി. എന്‍.ഡി.എയുടെ ഒരു വോട്ട് കൃത്യമായി പേരും ഒപ്പും രേഖപ്പെടുത്താത്തതിനാല്‍ അസാധുവായി. യു.ഡി.എഫിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായ സുരേഷ് കുമാറിന് ഒന്‍പത് വോട്ടുകള്‍ ലഭിച്ചു.
വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത് എം.എല്‍.എ, മുന്‍ മേയര്‍മാരായ കെ. ശ്രീകുമാര്‍, ജയന്‍ ബാബു, വി. ശിവന്‍കുട്ടി, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ മേയര്‍ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ കോര്‍പ്പറേഷനിലുണ്ടായിരുന്നു.