തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെയുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് പറഞ്ഞു. കോവിഡ് മേഖലയില്‍ ജോലി ചെയ്യുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകനോ രോഗിയ്‌ക്കോ രോഗപ്പകര്‍ച്ച ഉണ്ടായിട്ടുമില്ല. കോവിഡ് നെഗറ്റീവ് ആയ രോഗികള്‍ കിടക്കുന്ന വാര്‍ഡുകളില്‍ പോലും സുരക്ഷാ മാനദണ്ഡങ്ങളില്‍ അണുവിട വ്യതിചലിക്കാതെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. എല്ലാ വാര്‍ഡുകളിലും പി പി ഇ കിറ്റ് ധരിക്കുന്നതിനും ഉപയോഗിച്ച ശേഷം പി പി ഇ കിറ്റ് മാറ്റുന്നതിനുള്ള സ്ഥലം (ഡോണിംഗ് ആന്റ് ഡോഫിംഗ് ഏരിയ) നിലവില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന ഈ പ്രവണത എത്രയും വേഗം അവസാനിപ്പിക്കേണ്ടതാണെന്നും രോഗികളെയും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തും വിധമുള്ള ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും സൂപ്രണ്ട് അറിയിച്ചു.