ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്ഥാപന വാര്‍ഡ് തലത്തില്‍ അധ്യാപകരെ നിയോഗിച്ചു. വാര്‍ഡ്തല ദ്രുതകര്‍മ സേനയുടെ ഭാഗമായിട്ടാകും ഇവര്‍ പ്രവര്‍ത്തിക്കുക. കോര്‍പ്പറേഷന്റെ ഒരു ഡിവിഷനില്‍ അഞ്ചു പേര്‍, ഒരു മുനിസിപ്പല്‍ ഡിവിഷനില്‍ രണ്ടു പേര്‍, ഗ്രാമ പഞ്ചായത്ത് വാര്‍ഡില്‍ ഒരാള്‍ എന്നിങ്ങനെയാണ് അധ്യാപകരെ നിയോഗിച്ചിരിക്കുന്നതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കപ്പെടുന്ന അധ്യാപകര്‍ ബന്ധപ്പെട്ട റാപ്പിഡ് റെസ്പോണ്‍സ് ടീമിലെ അംഗമായിട്ടാകും പ്രവര്‍ത്തിക്കുക. ഓരോ ദിവസത്തെയും പട്ടിക പ്രകാരമുള്ള കോവിഡ് രോഗികളുടെ വിവര ശേഖരണം നടത്തുക, കോവിഡ് പോസിറ്റിവാകുന്നവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയാറാക്കി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രേഖപ്പെടുത്തുക, കോവിഡ് സ്ഥിരീകരിക്കുന്നവര്‍ ഹോം ഐസൊലേഷന്‍, സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സി, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടെന്ന് ഉറപ്പാക്കാന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സഹായിക്കുക, കോവിഡ് പോസ്റ്റിവായവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സമ്പര്‍ക്കത്തിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ക്വാറന്റീനിലാണെന്ന് ഉറപ്പാക്കുന്നതിനു സഹായിക്കുക, രോഗികളുമായും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുമായും ഫോണില്‍ ബന്ധപ്പെട്ട് ചികിത്സയും പരിശോധനയും ആവശ്യമുള്ളവരുടെ വിവരവും വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ സംബന്ധിച്ചും റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ അറിയിക്കുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകള്‍.
ഓരോ വാര്‍ഡിലും അധ്യാപകരെ നിയമിക്കാനുള്ള ചുമതല അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണു നല്‍കിയിരിക്കുന്നത്.