പിണറായി പറഞ്ഞു, ജയരാജന്‍ പാഞ്ഞെത്തി; പരിശോധനയില്‍ തച്ചങ്കരിയുടെ പണി പോയി
പിണറായി പറഞ്ഞു, ജയരാജന്‍ പാഞ്ഞെത്തി; പരിശോധനയില്‍ തച്ചങ്കരിയുടെ പണി പോയി
വിവാദങ്ങളുടെ തോഴനായ ടോമിൻ ജെ തച്ചങ്കരിയെ കേരള ബുക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റി മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കി. ഗുരുതരമായ വീഴ്‌ച അച്ചടിവകുപ്പില്‍ സംഭവിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.
തച്ചങ്കരിയുടെ ചില ഇടപാടുകളെക്കുറിച്ചു കെബിപിഎസിലെ സിഐടിയു യൂണിയൻ നേതാക്കൾ മുഖ്യമന്തിയെ അറിയിച്ചെങ്കിലും തുടക്കത്തില്‍ അദ്ദേഹം മൌനത്തിലായിരുന്നു. എന്നാല്‍, പരാതികളില്‍ കഴമ്പുണ്ടെന്ന തോന്നലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയെ അന്വേഷണം ഏൽപിച്ചു.
പരാതികളുടെ അടിസ്ഥാനത്തില്‍ നളിനി നെറ്റോ അന്വേഷണം നടത്തുകയും പ്രസില്‍ നേരിട്ടെത്തി സന്ദര്‍ശനം നടത്തി മുഖ്യമന്തിയെ വിവരമറിയിച്ചു. ആരോപണങ്ങളില്‍ വസ്‌തുതകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട്.
നളിനി നെറ്റോയുടെ റിപ്പോര്‍ട്ട് ലഭിച്ചുവെങ്കിലും മുഖ്യമന്ത്രി തന്റെ വിശ്വസ്‌തനായ ജയരാജനെ പ്രസിലേക്ക് അയച്ചു. സിഐടിയു നേതാക്കള്‍ പോലുമറിയാതെ അപ്രതീക്ഷിതമായി പ്രസിലെത്തിയ അദ്ദേഹം ജീവനക്കാരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
മിന്നല്‍ സന്ദര്‍ശനം എന്തിനാണെന്ന ജീവനക്കാരുടെ ചോദ്യത്തിന് ജയരാജൻ മറുപടി നല്‍കുകയും ചെയ്‌തു. പാഠപുസ്തകങ്ങൾ അച്ചടിച്ചതു നിലവാരമില്ലാത്ത കടലാസിലാണെന്ന പരാതി ശക്തമായതിനാലാണ് താന്‍ പരിശോധനയ്‌ക്കായി എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, അച്ചടിയന്ത്രങ്ങൾ വാങ്ങിയതിനെക്കുറിച്ചും ലോട്ടറി അച്ചടിയിലെ ക്രമക്കേടുകളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞതായും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്‌തു.