തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ ഉപകരണം വയറിനുള്ളില്‍ വച്ച് മറന്ന് തുന്നിക്കെട്ടിയ സംഭവത്തില്‍ രോഗിക്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. 2020 മെയ് അഞ്ചിനാണ് ശസ്ത്രക്രിയ നടത്തിയത്. ജോസഫ് പോള്‍ എന്ന വ്യക്തിക്കാണ് പാന്‍ക്രിയാസ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറിനുള്ളില്‍ കണ്ടെത്തിയത്. ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരില്‍ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കി പരാതിക്കാരന് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഈടാക്കേണ്ട തുക ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് തീരുമാനിക്കാം എന്നും കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലഭിച്ച ഒരു മാസത്തിനകം തുക നല്‍കണമെന്നും അല്ലാത്തപക്ഷം 10% പലിശ നല്‍കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.