തിരൂരങ്ങാടി: സ്‌കൂട്ടർ ഇടിച്ച് വ്യാപാരി മരിച്ച കേസിൽ സ്‌കൂട്ടർ ഓടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുവള്ളൂർ കല്ലാർകുട്ടി വീട്ടിൽ ഇബ്രാഹിമിന്റെ മകൻ പി.സി.റിയാസ് എന്ന 23 കാരനാണ് അറസ്റ്റിലായത്. ചെമ്മാട് ഗ്ളാമർ ജെന്റ്സ് വെയർ ഷോപ്പ് ഉടമയും കണ്ണമംഗലം അച്ചനമ്പലം മച്ചിങ്ങൽ മാളിയേക്കൽ അബ്ദുള്ളക്കുട്ടി എന്ന 43 കാരനാണ് കഴിഞ്ഞ മാസം 28 നു കൊളപ്പുറം ആസാദ് നഗറിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
രാത്രി പത്തര മണിയോടെ കട അടച്ചു വീട്ടിലേക്കു മടങ്ങുന്നതിനിടെ എതിരെ വന്ന റിയാസിന്റെ സ്‌കൂട്ടർ അബ്ദുല്ല കുട്ടിയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റു കിടന്ന റിയാസിനെ ഒരാൾ തന്റെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നയത്തിൽ റിയാസ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് റിയാസിനെ വീട്ടുകാരാണ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടത്തിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിൽ റിയാസിന്റെ സ്‌കൂട്ടരാണ് അപകടത്തിൽ പെട്ടതെന്നും ഇതിന്റെ നമ്പർ വ്യാജമാണെന്നും കണ്ടെത്തി. വ്യാജ നമ്പർ ഘടിപ്പിച്ച സ്‌കൂട്ടർ ഉപയോഗിച്ചതിനാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ റിയാസിനെ കോടതി റിമാൻഡ് ചെയ്തു.