കൊച്ചി: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴി രേഖപ്പെടുത്തി. എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) ആണ് മൊഴി രേഖപ്പെടുത്തിയത്. എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുൺ പ്രസാദിന് മുൻപാകെയാണ് വീണ വിജയൻ മൊഴി രേഖപ്പെടുത്തിയത്. ചെന്നൈയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽനിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നാണ് കേസ്. പത്ത് മാസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ മൊഴിയെടുക്കാൻ ഹാജരാകണമെന്ന അറിയിപ്പിനെ തുടന്നാണ് വീണ ചെന്നൈയിലെ ഓഫീസിൽ എത്തിയത്. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ വിവരങ്ങൾ ആരായാനാണ് വീണയുടെ മൊഴിയെടുത്തത്.
ജനുവരി അവസാനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ദൂരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്. കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ചതാണ് എസ്എഫ്ഐഒ.