Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കഴിഞ്ഞ നാല് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇങ്ങനെ; കണക്കുകള്‍ ആശങ്കയോ?

കഴിഞ്ഞ നാല് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇങ്ങനെ; കണക്കുകള്‍ ആശങ്കയോ?
, വെള്ളി, 4 ജൂണ്‍ 2021 (20:19 IST)
കേരളത്തില്‍ കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമാണെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഒരാഴ്ചയായി അഞ്ച് ശതമാനത്തില്‍ കുറവുള്ള ജില്ലകളില്‍ മാത്രം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ നിര്‍ദേശം അതേപടി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ജൂണ്‍ ഒന്‍പതിന് ശേഷവും ലോക്ക്ഡൗണ്‍ തുടരേണ്ടിവരും. സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് അത്രത്തോളം ആശ്വാസകരമല്ല. 
 
ജൂണ്‍ 1 മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 15 ശതമാനമായിരുന്നു. ജൂണ്‍ നാലിലേക്ക് (ഇന്ന്) എത്തിയപ്പോള്‍ അത് 14.82 ആണ്. 
 
ജില്ലകളിലെ രോഗനിരക്കും ആശങ്കയാണ്. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച കണക്ക്. 
 
അഞ്ചാം ഘട്ടമെന്ന നിലയില്‍ ജൂണ്‍ 15 വരെ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. അയല്‍സംസ്ഥാനമായ കര്‍ണാടകത്തില്‍ ജൂണ്‍ 14 വരെ ലോക്ക്ഡൗണ്‍ നീട്ടി. തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ നീട്ടാനാണ് ആലോചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി ഒരാഴ്ച അഞ്ച് ശതമാനത്തില്‍ താഴെ നില്‍ക്കുന്ന ജില്ലകളില്‍ മാത്രമേ സമ്പൂര്‍ണ ഇളവ് അനുവദിക്കാവൂ എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. അതുകൊണ്ടാണ് കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയത്. 
 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജൂണ്‍ ഒന്‍പത് ആകുമ്പോഴേക്കും പത്ത് ശതമാനത്തില്‍ താഴെയാകുമെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് നേരത്തെ വിലയിരുത്തിയത്. എന്നാല്‍, ഈ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേകുന്നതാണ് കഴിഞ്ഞ മൂന്ന് ദിവത്തെ കോവിഡ് കണക്കുകള്‍. ദിനംപ്രതി കുറഞ്ഞുവന്നിരുന്ന ടിപിആര്‍ കഴിഞ്ഞ മൂന്ന് ദിവസമായി 15 ല്‍ തന്നെ നില്‍ക്കുകയാണ്. 
 
മേയ് 31 ന് കേരളത്തില്‍ 12,300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ശതമാനമായിരുന്നു. സംസ്ഥാനത്തെ കോവിഡ് കര്‍വ് താഴുന്നതിന്റെ ഗ്രാഫ് വിശകലനം ചെയ്യുമ്പോള്‍ മേയ് 31 ന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനത്തില്‍ നിന്ന് കുറയേണ്ടതായിരുന്നു. എന്നാല്‍, ജൂണ്‍ ഒന്നിന് കേരളത്തില്‍ 19,760 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം ആകുകയും ചെയ്തു. തുടര്‍ന്നുള്ള രണ്ട് ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി. ജൂണ്‍ രണ്ടിന് 19,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ശതമാനമായി. ജൂണ്‍ മൂന്ന് വ്യാഴാഴ്ചയും സ്ഥിതി സമാനമാണ്. 18,853 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനവും! ഈ കണക്കുകള്‍ അത്ര ശുഭസൂചനയല്ല നല്‍കുന്നത്. 
 
ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ ഇതേ ആശങ്ക നിലനില്‍ക്കുന്നു. വയനാട് ജില്ലയില്‍ ജൂണ്‍ മൂന്ന് വ്യാഴാഴ്ച 234 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇടുക്കിയില്‍ 498 പേര്‍ക്കും. ബാക്കി എല്ലാ ജില്ലകളിലും പ്രതിദിന രോഗബാധ 500 ന് മുകളിലാണ്. മലപ്പുറം, കൊല്ലം, പാലക്കാട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രണ്ടായിരത്തിനു പുറത്ത് രോഗികള്‍ ഉണ്ട്. തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ആയിരത്തില്‍ കൂടുതലും. 
 
ഒറ്റയടിക്ക് തുറന്നാല്‍ വന്‍ പ്രതിസന്ധി 
 
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കിയാല്‍ രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യത. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിച്ചാല്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 30,000 കടന്നേക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പിനും സര്‍ക്കാരിനും ഉണ്ട്. അതുകൊണ്ട് ലോക്ക്ഡൗണ്‍ തുടരണോ എന്ന കാര്യം ആലോചിക്കും. 
 
നിലവില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് അടുത്താണ്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം ഉയരും. ഈ സാഹചര്യം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയെന്ന് ഗൂഗിൾ, നിയമനടപടിക്കൊരുങ്ങി കർണാടക