എടപ്പാളില്‍ നാടോടി ബാലികയ്ക്ക് മര്‍ദ്ദനം;സിപിഐഎം പ്രാദേശിക നേതാവ് അറസ്റ്റില്‍
സംഭവത്തില്‍ എടപ്പാള്‍ സ്വദേശി രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം എടപ്പാളില്‍ പത്തു വയസുകാരിയ്ക്ക് മര്‍ദ്ദനം. ആക്രി സാധനങ്ങള്‍ പെറുക്കാനെത്തിയ നാടോടി ബാലികയ്ക്കാണ് മര്‍ദ്ദനമേറ്റത്. തലയ്ക്കു പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എടപ്പാള്‍ സ്വദേശി രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സിപിഐഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് രാഘവന്‍.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. എടപ്പാളിലെ രാഘവന്റെ കെട്ടിടത്തോട് ചേര്‍ന്ന് ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ രാഘവന്‍ ഇവരെ തടയുകയും പത്തുവയസ്സുകാരിയെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. കല്ലുപോലെ എന്തോ ഉപയോഗിച്ച് അടിക്കുകയായിരുന്നുവെന്ന് കുട്ടി പൊലീസിനും മൊഴി നല്‍കിയിരുന്നു.
കുട്ടിയുടെ അച്ഛനും അമ്മയും സമീപത്തുണ്ടായിരുന്നുവെങ്കിലും അക്രമം നടന്നിടത്ത് കുട്ടി തനിച്ചായിരുന്നു. കുട്ടിയുടെ നെറ്റിയിലെ മുറിവ് ഗുരുതരമല്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. കുട്ടി ഇപ്പോള്‍ എടപ്പാളിലെ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. കുട്ടിയോട് ചെയ്ത അതിക്രമം ന്യായീകരിക്കാന്‍ കഴിയില്ലെന്നും സംഭവത്തില്‍ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.