കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് അടുത്ത ബന്ധമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. എന്ത് ബന്ധമാണെന്ന് തോമസ് ഐസക്ക് തന്നെ വ്യക്തമാക്കണം എന്നും ടെലഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കിഫ്ബിയിലെ പല പദ്ധതികളുടെയും കാര്യത്തില്‍ ശിവശങ്കറുമായും സ്വപ്ന സുരേഷുമായും തോമസ് ഐസക് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഇത് നിഷേധിക്കാന്‍ ഐസക്കിന് സാധിക്കുമോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. ശിവശങ്കറുമായി ചേര്‍ന്ന് ചില കളികള്‍ അവര്‍ കളിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത്, മയക്കു മരുന്ന് എന്നിവയില്‍ മാത്രമല്ല എല്ലാ അഴിമതികളിലും ഈ സംഘത്തിന് പങ്കാളിത്തമുണ്ട്. ഈ സ്വര്‍ണക്കടത്ത് സംഘത്തെ മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാനത്തെ പല മന്ത്രിമാരും സഹായിച്ചു എന്നതുമായി ബന്ധപ്പെട്ട തെളിവുകളാണ് പുറത്തു വരുന്നത് എന്നും അതിലെ പ്രധാനപ്പെട്ട മന്ത്രിയാണ് തോമസ് ഐസക്ക് എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.