തിരുവനന്തപുരം: പൂന്തുറയിലെ സൂപ്പർ സ്പ്രെഡിന് കാരണമായത് തിരക്കേറിയ സാഹചര്യവും പ്രാദേശികമായ പ്രത്യേകതകളുമാണെന്ന് വിലയിരുത്തൽ.കന്യാകുമാരിയിൽ നിന്ന് മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയതിലൂടെയാകാം വലിയ രീതിയിലുള്ള വ്യാപനം നടന്നതെന്നാണ് വിലയിരുത്തൽ.
മാണിക്യവിളാകം, ബീമാപള്ളി, ചെറിയമുട്ടം, കുമരിച്ചന്ത, ഉൾപ്പെടുന്ന പൂന്തുറ മേഖല കേരളത്തിലെ ആദ്യ സൂപ്പർ സ്പ്രെഡ് മേഖലയാണ് .കന്യാകുമാരിയിൽ നിന്ന് കുമരിച്ചന്തയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയയാളിൽ നിന്ന് വ്യാപനമുണ്ടായി എന്ന് കണക്കിലെടുക്കുമ്പോഴും ഒന്നിലധികം ആളിൽ നിന്നാകാം വ്യാപനമെന്നാണ് നിഗമനം. ഒരാളുടെ തന്നെ പ്രാഥമിക പട്ടികയിൽ ഉണ്ടായിരുന്നത് 120 പേരാണ്.600 പേരെ പരിശോധിച്ചതിൽ 119 പേരും കൊവിഡ് പൊസിറ്റീവ്. ഇന്നലെ മാത്രം ഈ മേഖലയിൽ 54 പേർക്ക് രോഗം സ്ഥിരീകരിച്ചു. എന്നാൽ 90 ശതമാനം രോഗികൾക്കും കൊവിഡ് രോഗലക്ഷണമില്ല.
4000ത്തിലധികം വയോധികർ ഈ മേഖലയിൽ മാത്രമുണ്ടെന്നതാണ് ആരോഗ്യവകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിൽ 20ല്ലധികം പാലിയേറ്റീവ് രോഗികളാണ്.