മതമില്ലാത്ത മനുഷ്യരെ കണ്ട് അന്തംവിട്ടവരേ... നിങ്ങള്‍ ഈ പെണ്‍കുട്ടിയെ അറിയുമോ?
ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല, ഇനിയാണ് തുടക്കമെന്ന് സുകന്യ പറയുന്നു
2017-18 അധ്യയന വര്‍ഷം ജാതി, മത, കോളങ്ങള്‍ പൂരിപ്പിക്കാതെ 1,23,630 കുട്ടികള്‍ സംസ്ഥാനത്ത് സ്‌കൂളികളില്‍ പ്രവേശനം നേടിയെന്ന വാര്‍ത്തയില്‍ പുളകിതരായി ആശ്വാസം കണ്ടെത്തുന്നവര്‍ കേരളത്തിലെ വടക്കേ അറ്റത്തെ വയനാടെന്ന കൊച്ചു ജില്ലയിലെ മാനന്തവാടിയിലുള്ള സുകന്യയുടെ കഥയൊന്ന് കേള്‍ക്കണം.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ അരുണ്‍-സുകന്യ ദമ്പതികള്‍ക്ക് ഊരുവിലക്ക് കല്‍പ്പിക്കപ്പെട്ടിരുന്നു. ഈ വാര്‍ത്ത കഴിഞ്ഞ വര്‍ഷമാണ് പുറംലോകം അറിയുന്നത്. ഇപ്പോഴിത,അ സുകന്യയുടെ പിതാവ് ഗോവിന്ദരാജിനെയും ഭര്‍ത്താവ് അരുണിനെയും സുഹൃത്തുക്കളെയും മര്‍ദ്ദനമേറ്റ നിലയില്‍ ചൊവാഴ്ച രാത്രി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമുദായ സമിതിക്കാരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഗോവിന്ദരാജ് ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ചു സുകന്യ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ്:
“സാക്ഷര കേരളം ലജ്ജിക്കട്ടെ ഇതു കണ്ടിട്ട്. ഊര് വിലക്ക് നേരിട്ട എന്റെ കുടുംബത്തെ അനുകൂലിച്ച വ്യക്തികളെ ക്രൂരമായി മർദ്ദിച്ച നിങ്ങള് ഒന്ന് ഓർക്കുക, ഇതുകൊണ്ട് ഒന്നും തീരുന്നില്ല.. ഇനിയാണ് തുടങ്ങുന്നത്. ബഹുജനങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ട്. മതമല്ല മനുഷ്യരാണ് വലുത് എന്ന് തെളിയുവൻ പോകുന്നതിന് അധികം താമസം ഇല്ല. മാനവരാശിയെ വെല്ലുവിളിക്കുന്ന തരത്തിൽ ഉള്ള സമുദായത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധങ്ങൾ ഇനിയും ജ്വലിക്കട്ടെ…”
മര്‍ദ്ദനമേറ്റവരില്‍ ഒരാളായ അനീഷിന്റെ പോസ്റ്റ്:
“നിങ്ങളുടെ തോന്ന്യാസത്തിന് എതിരെ ഒന്ന് ചൂണ്ട് വിരൽ അനക്കിയതിന് ആണോ എന്നെ കൊല്ലാൻ ശ്രെമിച്ചേ. എന്നാൽ നിങ്ങൾ ഓർത്തോ സമുദായ ഭ്രാന്തന്മാരെ…ഞാൻ മരിച്ചാൽ, നിങ്ങക്കെതിരെ ആയിരം അനിഷ് ഉടലെടുക്കും. ഓർത്തോ… പ്രതിഷേധം നിലച്ചിട്ടില്ലാ. എന്നിലെ അവസാന ശ്വാസം വരെ നീതിക്കും ന്യായത്തിനും വേണ്ടി പോരാടും. ഇനിയും അനീതി കണ്ടാൽ ഞാൻ പ്രതികരിക്കും. ഇതൊരു സഖാവിന്റെ വാക്കാണ്. ലാൽസലാം… അനിഷ്”
മതമില്ലാത്ത ജീവനുകളെ ചൊല്ലി സോഷ്യല്‍ മീഡിയ ആകെ വിജൃംഭിച്ചു നില്‍ക്കുമ്പോഴാണ് ‘ലജ്ജിക്കുക സാക്ഷര കേരളമേ’ എന്നു നെഞ്ചുകീറി പറഞ്ഞുകൊണ്ടു ഒരു പെണ്‍കുട്ടി മലയാളിയുടെ മുന്‍പില്‍ നിവര്‍ന്നു നില്‍ക്കുന്നത്.