പൊലീസ് കസ്റ്റഡിയിൽ കൊല്ലപെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ ധനസാഹായമായും ഭാര്യക്ക് സർക്കാർ ജോലി നൽകാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ ഒൻപതിനാണ് വരാപ്പുഴ സ്വദേശിയായ ശ്രീജിത്ത് കസ്റ്റഡി മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെടുന്നത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം സംഭവത്തിൽ പൊലിസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
മരണത്തിൽ പൊലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും സർക്കാർ ശ്രീജിത്തിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ വീട് സന്ദർശിക്കാനെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും എന്നും ഭാര്യക്ക് സർക്കാർ ജോലി നൽകും എന്നും കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി സഭ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്.
നേരത്തെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.