കേന്ദ്രം വിചാരിച്ചാൽ എണ്ണ വില പകുതിയാക്കാമെന്ന മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവനയിൽ കഴമ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ഇപിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്. രണ്ടും ചോർന്നുപോകുമെന്ന് ശ്രീധരൻ പിള്ള പറയുന്നു. കണ്ണൂർ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.
മറ്റു പാർട്ടികളിൽനിന്നു ചുമതലയുള്ള പല രാഷ്ട്രീയ പ്രവർത്തകരും ബിജെപിയിലേക്കു വരും. ആരൊക്കെ വരുമെന്നും എന്താണ് തന്ത്രമെന്നും മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്താൻ കഴിയില്ല. അവൻ വരും, അവൻ ശക്തനായിരിക്കും, അവനു വേണ്ടി കാത്തിരിക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
എണ്ണവില കുറയ്ക്കാനുള്ള നടപടി വൈകാതെയുണ്ടാകുമെന്നു ദേശീയ പ്രസിഡന്റ് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിൽ വിശ്വാസമുണ്ട്. ജനങ്ങളെ കൊള്ളയടിക്കുന്നതു കേരള സർക്കാർ മാത്രമാണ്. മറ്റു സംസ്ഥാനങ്ങളുടെ മാതൃകയിൽ കേരളം നികുതി കുറയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.