കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നും കരകയറുന്നതിനായി വിദേശ സഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അഭിമാനകരമല്ലെന്ന് ഇ ശ്രീധരൻ. നവകേരള നിര്‍മിതിക്ക് കേരളം സ്വതന്ത്ര അധികാരമുള്ള സമിതി രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
12 ലക്ഷം കോടിരൂപയുടെ ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ. ആ ഇന്ത്യ മറ്റൊരു രാജ്യത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുക എന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാകും. കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകമാണ് ദുരന്തത്തിന് പ്രധാന കാരണം.
കാലാവസ്ഥാ പ്രവചങ്ങള്‍ പലപ്പോഴും ശരിയാകാത്തതിനാല്‍ ജനങ്ങള്‍ക്ക് അതില്‍ വിശ്വാസമില്ല. അണക്കെട്ടുകളിൽ വെള്ളം ഇത്രയധികം സംഭരിച്ച് നിർത്തേണ്ട ആവശ്യമില്ലായിരുന്നു. കാലാവസ്ഥാ പ്രവചനങ്ങൾ ശരിയായിരുന്നുവെങ്കിൽ അണക്കെട്ടുകൾ നേരത്തെ പ്രശ്നങ്ങൾ ഉണ്ടാകാതെ തുറന്ന് വിടാമായിരുന്നുവെന്നും ശ്രീധരൻ വ്യക്തമാക്കി.
മഴ പെയ്യുമെന്ന് പറഞ്ഞാല്‍ പെയ്യില്ല. പെയ്യില്ല എന്നു പറഞ്ഞാല്‍ പെയ്യും. അതിനാല്‍ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണം ജനം വിശ്വസിച്ചില്ല. 15 ദിവസത്തോളം ശക്തമായ മഴ ഉണ്ടാകുമെന്ന് പ്രവചിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അണക്കെട്ടുകൾ തുറന്നുവിടാമായിരുന്നുവെന്നും എങ്കിൽ ഇത്രയധികം ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.