തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം ഒളിച്ചു കടത്താൻ ശ്രമിച്ച അരക്കോടി രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു. ചിറയിൻ കീഴ് സ്വദേശി ശ്രീക്കുട്ടി(32) ആണ് എയർ കസ്റ്റംസിൻ്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ വന്ന ഇവർ എമിഗ്രേഷൻ പരിശോധനയ്ക്ക് ശേഷം ലഗേജമായി പാത്തേക്കു പോകുമ്പോൾ സംശയം തോന്നിയാണ് കസ്റ്റംസ് ഇവരെ ചോദ്യം ചെയ്തതും സ്വർണ്ണം പിടികൂടിയതും. അടിവസ്ത്രത്തിനുള്ളിൽ കെമിക്കൽ രൂപത്തിലാക്കിയ 780ഗ്രാം സ്വർണ്ണമാണ് പിടിച്ചത്.
ഇതിനൊപ്പം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്നിറങ്ങിയ കാസർകോട് സ്വദേശി മുഹമ്മദ് ഷെഫീക്കിൽ നിന്ന് ഒളിച്ചു കടത്താൻ ശ്രമിച്ച 3 ലക്ഷത്തോളം വിലവരുന്ന വിദേശ നിർമ്മിത വ്യാജ സിഗററ്റും പിടികൂടി. ശ്രീലങ്കയിൽ നിന്നു പുറന്തള്ളുന്ന നിലവാരം കുറഞ്ഞ പുകയില ഉപയോഗിച്ച നിർമ്മിക്കുന്ന ഈ വ്യാജ സിഗററ്റുകൾക്ക് ലഹരി കൂടുതലാണെന്നും കേരളത്തിൽ ഇതിന് ആവശ്യക്കാർ ഏറെയുണ്ടെന്നുമാണ് കസ്റ്റംസ് പറയുന്നത്.