നടിയെ ആക്രമിച്ച കേസ്: നടന്റെ പേര് നടി പറഞ്ഞതില്‍ ദുരൂഹത, ഡബ്ല്യൂസിസി നടിക്ക് വേണ്ടി ഒന്നും ചെയ്തില്ല; ഡബ്ല്യൂസിസിക്കെതിരെ ആരോപണവുമായി സിദ്ധിഖ്
പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ധം കുറക്കുന്നതിന് റൂറല്‍ പൊലീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടിയെ ആക്രമിച്ച കേസില്‍ ഡബ്ല്യൂസിസി നടിക്ക് വേണ്ടി ഒരു സഹായവും ചെയ്തില്ലെന്ന് ആരോപിച്ച് നടന്‍ സിദ്ധിഖ്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടന്റെ പേര് നാല് മാസത്തിന് ശേഷമാണ് പറയുന്നതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും സിദ്ധിഖ് പറഞ്ഞു. പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ധം കുറക്കുന്നതിന് റൂറല്‍ പൊലീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടന്റെ പേര് നാല് മാസത്തിന് ശേഷമാണ് പറയുന്നത്. ഇതില്‍ ദുരൂഹതയുണ്ട്. നടന്‍ കുറ്റവാളിയാണെന്ന് കോടതി പറയുകയാണെങ്കില്‍ മാത്രം ആ രീതിയില്‍ കണ്ടാല്‍ മതി. നടിക്കു വേണ്ടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ മാത്രമേ രംഗത്ത് വരൂ. അവര്‍ക്കൊരു ആശ്വാസമായിക്കൊള്ളട്ടയെന്ന് കരുതി സംസാരിക്കുന്നതാണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും സിദ്ധിഖ് പറഞ്ഞു.
സ്വന്തം പ്രശസ്തിക്ക് വേണ്ടിയും ചാനല്‍ ചര്‍ച്ചയില്‍ പലരും വിഡ്ഡിത്തം പറയുന്നുണ്ട്. നടിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്. അക്രമമുണ്ടായെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ സംഘടനയുടെ ഭാരവാഹിയെന്ന നിലയിലും സഹപ്രവര്‍ത്തകനെന്ന നിലയിലും മുഖ്യമന്ത്രിയെയും ഡിജിപിയെയും നേരില്‍ കണ്ട് സംസാരിച്ചിരുന്നു. തുടര്‍ന്നാണ് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടിയത്. നടി ഇവരെ തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിയുകയും ചെയ്തു. നടിക്കൊപ്പമാണ് എല്ലാവരും നില്‍ക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞു.