ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐക്ക് പണി കിട്ടി, സസ്‌പെന്‍ഡ് ചെയ്തു
ഇതിനിടെ എസ്.ഐ അനൂപ് മറ്റൊരു ഓട്ടോറിക്ഷാ ഡ്രൈവറോട് വളരെ മോശമായി പെരുമാറുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്
കാസര്‍കോഡ് അറുപതുകാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ചന്തേര പൊലീസ് സ്റ്റേഷന്‍ എസ്.ഐ അനൂപിനെ സസ്‌പെന്‍ഡ് ചെയ്തു. കാസര്‍കോട്ടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ അബ്ദുള്‍ സത്താര്‍ (60) ആണ് ആത്മഹത്യ ചെയ്തത്.
സത്താറിന്റെ ഉപജീവനമായിരുന്ന ഓട്ടോറിക്ഷാ നാലു ദിവസമായി അനൂപ് പിടിച്ചു വച്ചിരുന്നു. ഡി.വൈ.എസ്.പി പറഞ്ഞിട്ടും അനൂപ് ഓട്ടോ റിക്ഷാ വിട്ടുകൊടുത്തില്ലെന്നും ആരോപണമുണ്ട്. ഇതിന്റെ വിഷമത്തില്‍ വീട് പട്ടിണിയില്‍ ആണെന്നും പറഞ്ഞ് ആത്മഹത്യ ചെയ്തയാള്‍ ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തിരുന്നു. അതിനുശേഷമാണ് ജീവനൊടുക്കിയത്. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഇയാളുടെ ലൈവ് കണ്ട് ആളുകള്‍ എത്തിയപ്പോഴേക്കും സത്താര്‍ മരിച്ചിരുന്നു.
ഓട്ടോ വിട്ടുകൊടുക്കാത്തതിന്റെ വിഷമത്തിലാണ് സത്താര്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായി ആരോപിച്ചു. എസ്.ഐ അനൂപിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ കാസര്‍ഗോഡ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ എസ്.ഐ അനൂപ് മറ്റൊരു ഓട്ടോറിക്ഷാ ഡ്രൈവറോട് വളരെ മോശമായി പെരുമാറുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അനൂപിനെ സസ്‌പെന്‍ഡ് ചെയ്തത്.