‘എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ ?; ഇനി ആരും മരിക്കരുത്’ - മുഖ്യമന്ത്രിക്ക് ശുഹൈബിന്റെ സഹോദരിയുടെ തുറന്ന കത്ത്
‘എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ ?; ഇനി ആരും മരിക്കരുത്’ - മുഖ്യമന്ത്രിക്ക് ശുഹൈബിന്റെ സഹോദരിയുടെ തുറന്ന കത്ത്
മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ സഹോദരി സുമയ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ‘ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ പട്ടികയിലെ അവസാനത്തെ പേരാകട്ടെ’ എന്ന് വ്യക്തമാക്കുന്നതാണ് കത്ത്.
തപാൽ മാർഗം വ്യാഴാഴ്‌ചയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇരുപത്തിമൂന്നുകാരിയായ സുമയ്യ കത്തയച്ചത്. ശുഹൈബ് മരിച്ച് പത്താം ദിവസമാണ് സഹോദരി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
കത്തിന്റെ ഉള്ളടക്കം:
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
നന്നായി എഴുതാനൊന്നും ഞങ്ങൾക്കറിയില്ല. സങ്കടം മാത്രമാണു കുറച്ചു ദിവസമായി എനിക്കും ഇത്താത്തമാർക്കും ഉപ്പാക്കും ഉമ്മാക്കും ഈ വീട്ടിലേക്കു വരുന്നവർക്കുമെല്ലാം. ഷുഹൈബ്ക്ക ഞങ്ങൾക്കു വലിയ തുണയായിരുന്നു. കൂട്ടായിരുന്നു. ഞങ്ങൾക്കു പോലും അറിയാത്ത ഒരുപാടു പേർക്കു താങ്ങും തണലുമായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. ഇക്കയുടെ വേർപാട് അറിഞ്ഞതു മുതൽ ഇങ്ങോട്ടെത്തുന്നവർ അതു സാക്ഷ്യപ്പെടുത്തി. ഇക്ക ഇനി നമ്മുടെ കൂടെ ഇല്ല എന്നു വിശ്വസിക്കാൻ ഇന്നും ഞങ്ങൾക്ക് ആർക്കും ആയിട്ടില്ല. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ?
ഇനി ആരും മരിക്കരുത്. ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഞങ്ങൾക്കു വേണ്ടി, ഞങ്ങളെപ്പോലെ ഒരുപാടു കുടുംബങ്ങൾക്കു വേണ്ടി ഈ ക്രൂരതകൾ ഇനി ആവർത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങൾക്കു നൽകാമോ?
എന്ന് സുമയ്യ.