ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്ര വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്. ശോഭാസുരേന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിശോധിക്കുകയാണെന്നാണ് വിവരം. അതേസമയം ഇതിനെ പറ്റി ശോഭാ സുരേന്ദ്രൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് ശോഭാസുരന്ദ്രന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും കെ സുരേന്ദ്രനെയാണ് അധ്യക്ഷനായി തിരഞ്ഞെടുത്തത്. ബിജെപി സംസ്ഥാന സമിതിയുടെ പുനസംഘടനയിൽ ശോഭാ സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വൈസ് പ്രസിഡന്റാക്കിയിരുന്നു. ഇതിൽ മേലുള്ള അതൃപ്‌തിയിൽ പൊതുരംഗത്ത് നിന്ന് വിട്ട് നിൽക്കുകയാണ് ശോഭാ സുരേന്ദ്രൻ.
ശോഭാ സുരേന്ദ്രനെ വൈസ് പ്രസിഡന്റാക്കി ഒതുക്കി എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. എന്നാല്‍ ശോഭയെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലായെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന് ദേശീയതലത്തിൽ അംഗീകാരം നൽകി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്.