തിരുവനന്തപുരം: വിവാദമായ ആർ.ഡി.ഒ കോടതിയിലെ തൊണ്ടിസ്വർണ്ണം മോഷണം പോയ സംഭവത്തിൽ മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായരെ പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ പേരൂർക്കടയിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
105 പവൻ സ്വർണ്ണം 140 ഗ്രാം വെള്ളി, 48000 രൂപ എന്നിവയാണ് ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതലിൽ നിന്ന് കാണാതായത്. ഒരു വർഷത്തോളം തൊണ്ടിമുതലുകളുടെ ചുമതലയുള്ള ആളായിരുന്നു ശ്രീകണ്ഠൻ നായർ. 2020 മാർച്ചിലാണ് ശ്രീകണ്ഠൻ നായർ ഈ ഉചുമതലയിൽ എത്തിയത്. ഇക്കൊല്ലം വിശ്രമിക്കുകയും ചെയ്തു.
തിരുവനന്തപുരം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ റവന്യൂ ഡിവിഷണൽ ഓഫീസിൽ പ്രവർത്തിക്കുന്ന കോടതിയിൽ നിന്നാണ് തൊണ്ടിമുതൽ കാണാതായത്. വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾക്കെതിരെ റിപ്പോർട്ടുണ്ടായിരുന്നു.
തുടർന്നാണ് സബ് കളക്ടർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വലിയ തോതിൽ ഇയാൾ പല സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും സ്വർണ്ണം പണയം വച്ചിരുന്നു. ഇതും അന്വേഷണത്തിൽ കാര്യമായ പങ്കുവഹിച്ചു.
പരാതിയെ തുടർന്ന് കിളിമാനൂർ എസ്.എച്ച്.ഓ സാനൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.