പുരാവസ്‍തുക്കളുടെ മറവിൽ തട്ടിപ്പ് നടത്തിയതിന് കൊച്ചിയിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള ജീവിതമാണ് നയിച്ചിരുന്നത്. ഉന്നത സ്ഥാനത്തിലുള്ള ഉദ്യോഗസ്ഥരടക്കം നിരവധി പേരുമായി ബന്ധം, അത്യാഡംബര വാഹനങ്ങൾ എന്നിവയെല്ലാം കൊണ്ട് താൻ വലിയ കോടീശ്വരനാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചുകൊണ്ടായിരുന്നു മോൻസണിന്റെ തട്ടിപ്പുകൾ.
കോടികൾ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരംതന്നെ ഇയാളുടെ വീട്ടിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത്. ഇതിൽ അത്യാധുനിക ആഡംബര കാറായ പോര്‍ഷെ അടക്കം 30ഓളം കാറുകള്‍ ഉണ്ട്. എന്നാല്‍ ഇവയില്‍ പലതും കേടായ വാഹനങ്ങളാണെന്നാണ് പുതിയ റിപ്പോർട്ട്. തകരാറിലായ ഈ വാഹനങ്ങൾ ചെറിയ വിലയ്ക്കാണ് ഇയാൾ വീട്ടിൽ കൊണ്ടിട്ടിരുന്നത്. താൻ വലിയ സമ്പന്നനും ആഡംബരം നിറഞ്ഞവനുമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടായിരുന്നു ഈ പ്രവർത്തി.
കൂടാതെ ചടങ്ങുകളിൽ പോകുമ്പോൾ ആറ് ആഡംബര കാറുകളുടെ അകമ്പടിയോടെയാകും ഇയാൾ എത്തുക. പരിപാടികളിൽ ആരും പ്രതീക്ഷിക്കാത്ത സംഭാവനകൾ നൽകി ഞെട്ടിക്കുന്നതും മോൻസണിന്റെ പരിപാടിയായിരുന്നു. അതേസമയം സിനിമക്കാർക്ക് വാടകയ്ക്ക് നൽകാൻ കോടികളുടെ കാർ നൽകാമെന്ന് വാഗ്‌ദാനം നൽകി മോൻസൻ പറ്റിച്ചതായി ശ്രീവൽസം ഉടമ രാജേന്ദ്രൻ പിളള ക്രൈംബ്രാഞ്ചിൽ പരാതി നൽകി. ആഡംബര കാറുകൾക്ക് പകരം വെളളപ്പൊക്കത്തിൽപ്പെട്ട് നശിച്ച കാറുകളാണ് നല്‍കിയത്. കേസിൽ ഉള്‍പ്പെടുമെന്നായപ്പോൾ മോൻസൻ രാജേന്ദ്രൻ പിളളയ്‍ക്കെതിരെ പരാതി നൽകി. ഈ പരാതിയിലെ ആരോപണങ്ങൾ വ്യാജമെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
കലൂരിൽ മോൻസൻ അര ലക്ഷം രൂപ വാടകയ്ക്ക് വീടെടുത്തായിരുന്നു താമസിച്ചിരുന്നത്. എന്നാൽ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല. സംസ്ഥാനത്തെ മുതിർന്ന പൊലീസുദ്യോഗസ്ഥടക്കമുളള ഉന്നതരുമായുളള ബന്ധം മറയാക്കിയാണ് മോൻസൻ മാവുങ്കൽ തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം ചേർത്തലയിലെ വീട്ടിലെത്തി.അടുത്ത ബന്ധുവിന്‍റെ മനസമ്മതച്ചടങ്ങ് നടക്കുകയായിരുന്നു. സംസ്ഥാനത്തെ രണ്ട് മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥർ ഈ സമയം ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഒടുവിൽ ചടങ്ങ് അവസാനിച്ച ശേഷമായിരുന്നു ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.