Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ധോണി തന്റെ ഗ്ലൌസ് സഞ്ജുവിന് കൈമാറിയേനെ; പടിക്കല്‍ കലമുടച്ച് യുവതാരം!

ധോണിയുടെ സ്‌നേഹം മാത്രം മതിയായിരുന്നു; എന്നാല്‍, സഞ്ജു എല്ലാം നശിപ്പിച്ചു!

ധോണി തന്റെ ഗ്ലൌസ് സഞ്ജുവിന് കൈമാറിയേനെ; പടിക്കല്‍ കലമുടച്ച് യുവതാരം!

ജിയാന്‍ ഗോണ്‍സാലോസ്

, വ്യാഴം, 1 ഡിസം‌ബര്‍ 2016 (15:29 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന ഡ്രീം വേള്‍ഡിലെത്തിയ ആദ്യ മലയാളി ടിനു യോഹന്നാന്‍ ആണെങ്കിലും ശ്രീശാന്തിന്റെ കടന്നുവരവായിരുന്നു മലയാളികളെ ആവേശം കൊള്ളിച്ചത്. ക്രിക്കറ്റിന്റെ സമസ്‌ത മേഖലകളിലും നിറഞ്ഞാടിയ ശ്രീ വളരെ വേഗം തന്നെ പ്രശസ്‌തിയിലേക്കുയര്‍ന്നു. പിന്നീട് കോഴവിവാദത്തില്‍ അകപ്പെട്ട അദ്ദേഹത്തിന് മുമ്പില്‍ ബിസിസിഐ വാതില്‍ കൊട്ടിയടച്ചപ്പോള്‍ എല്ലാ പ്രതീക്ഷയും സഞ്ജു വി സാംസണ്‍ എന്ന ചെറുപ്പക്കാരനിലായിരുന്നു. നിര്‍ഭാഗ്യവശാല്‍ സഞ്ജുവും ഇന്ന് വിവാദക്കുരുക്കിലാണ്.

മുംബൈയില്‍ ബ്രബോണ്‍ സ്റ്റേഡിയത്തില്‍ രണ്ടാഴ്ച മുമ്പ് നടന്ന രഞ്ജി മത്സരത്തിനിടെ സഞ്ജു മോശം പെരുമാറ്റം നടത്തിയെന്നാണ് ആരോപണം. പുറത്തുവരുന്ന വാദങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാകാനുള്ള ഭാഗ്യം സഞ്ജു തന്നെ ഇല്ലാതാക്കിയെന്ന് പറയുന്നതാകും ശരി. രഞ്ജിയിലെ ഈ സീസണിലെ ദയനീയ പ്രകടനം അദ്ദേഹത്തെ അസ്വസ്‌തനാക്കുന്നുണ്ടാകാം. എന്നാല്‍ ഡ്രസിംഗ് റൂമിലെ മോശം പെരുമാറ്റം ഒരിക്കലും അംഗീകരിക്കപ്പെടില്ല എന്ന സത്യം ഈ 22കാരന്‍ മനസിലാക്കേണ്ടതുണ്ട്.

ഡ്രസിംഗ് റൂമിലെ മോശം പെരുമാറ്റത്തെ ഒരു ക്രിക്കറ്റ് ബോര്‍ഡും അംഗീകരിക്കില്ല. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് അടക്കമുള്ള മിക്ക വമ്പന്‍ താരങ്ങളും ഇതേ വിവാദത്തില്‍ അകപ്പെടുകയും ശിക്ഷാ നടപടികള്‍ ഏറ്റുവാങ്ങുകയും ചെയ്‌തിട്ടുള്ളവരാണ്.

webdunia


ഇന്ത്യന്‍ ടീമിലേക്ക് ഏതു നിമിഷവും വിളി ലഭിച്ചേക്കാവുന്ന താരം കൂടിയാണ് താനെന്ന ചിന്ത സഞ്ജുവിനാവശ്യമാണ്. മഹേന്ദ്ര സിംഗ് ധോണി ടെസ്‌റ്റില്‍ നിന്ന് വിരമിച്ച ശേഷം ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തുള്ളത് വൃദ്ധിമാന്‍ സാഹയാണ്. ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിയുടെ ശക്തമായ പിന്തുണയുള്ള സാഹ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. സാഹയുമായി താരതമ്യം ചെയ്‌താല്‍ സഞ്ജു തന്നെയാകും മികച്ചവന്‍. എന്നാല്‍ കോഹ്‌ലിയുടെ ആശിര്‍വാദം  സാഹയ്‌ക്ക് തുണയാകുന്നുണ്ട്. സാഹയെ വിക്കര്‍ കീപ്പറുടെ ജോലി ഏല്‍പ്പിക്കുന്നതിനാണ് തനിക്ക് താല്‍പ്പര്യമെന്ന് വിരാട് തുറന്നു പറയുകയും ചെയ്‌തിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റില്‍ സാഹയ്‌ക്ക് പരുക്കേറ്റതിനെത്തുടര്‍ന്ന് ടീമില്‍ എത്തിയത് പര്‍ഥീവ് പട്ടേലായിരുന്നു. എട്ടു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അദ്ദേഹം ടീമില്‍ എത്തുന്നത്. ഇരുവരും ഇന്ത്യന്‍ ടീമില്‍ സീറ്റ് ഉറപ്പിക്കാത്തവരുമാണ്. മികച്ച പ്രകടനം നടത്തുന്ന വിക്കറ്റ് കീപ്പര്‍മാര്‍ കുറവായ സാഹചര്യത്തില്‍ സഞ്ജുവിന് ഏത് നിമിഷവും ടീം ഇന്ത്യയില്‍ നിന്ന് വിളിയെത്തുമായിരുന്നു.

മഹേന്ദ്ര സിംഗ് ധോണി ഏകദിന ക്രിക്കറ്റിനോട് ഏതു നിമിഷവും ബൈ പറഞ്ഞേക്കാം. ഏകദിനത്തില്‍ സാഹയേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ സഞ്ജുവാണെന്നതില്‍ ആര്‍ക്കും സംശയവുമില്ല. പുതിയ താരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്ന ധോണി തന്റെ ഗ്ലൌസ് സഞ്ജുവിന് ഒരു പക്ഷേ ഏല്‍പ്പിച്ചു നല്‍കുമായിരുന്നു. വിരാട് കോഹ്‌‌ലിയെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്‍ടര്‍മാര്‍ നീക്കം നടത്തിയപ്പോള്‍ അത് തടയുകയും വിരാടിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ശക്തമായി വാദിക്കുകയും ചെയ്‌ത നായകനാണ് ധോണി. ഇതിനൊപ്പം ഐപിഎല്ലിലെയും മുന്‍ രഞ്ജി മത്സരങ്ങളിലെയും പ്രകടനം  കണക്കിലെടുത്താല്‍ മലയാളി താരത്തിന് അവസരങ്ങള്‍ അനവധിയാണ്.

webdunia


രഞ്ജി മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും രാഹുല്‍ ദ്രാവിന്റെ അടുപ്പക്കാരനുമായ സഞ്ജു ഇന്ത്യന്‍ ടീമില്‍ എത്തിയെങ്കിലും ഔദ്യോഗികമായി കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2015ല്‍ ട്വന്റി-20യില്‍ ഇന്ത്യന്‍ കുപ്പായമിടാന്‍ കഴിഞ്ഞു. പിന്നീട് ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാകാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും മോശം ഫോം വില്ലനാകുകയായിരുന്നു. പിന്നാലെ, മോശം പെരുമാറ്റമെന്ന വിവാദവും തലയ്‌ക്കു മുകളില്‍ നില്‍ക്കുന്നതോടെ മലയാളി താരത്തിന്റെ ഭാവിയിപ്പോള്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൈയിലാണ്.

സഞ്ജുവിനെ ‘നല്ല’ രീതിയില്‍ ശിക്ഷിക്കുകയാണ് കെസിഎ ഇപ്പോള്‍ ചെയ്യേണ്ടത്. താരത്തിന്റെ ആത്മവീര്യം തകര്‍ക്കാതെയുള്ള നടപടികളാണ് ആവശ്യം. വാശിയും പകം പോക്കലും സ്വീകരിച്ചാല്‍ കേരളത്തിന് ഉറച്ച ഒരു ഇന്ത്യന്‍ താരത്തെയാകും നഷ്ടമാകുക. ഇതിനായി സഞ്ജുവിന് പറയാനുളളതും കേരള ക്രിക്കറ്റ് അസോസിയേഷന്‍ കേള്‍ക്കണം. പുറത്തുവരുന്ന വാര്‍ത്തകള്‍ ശുഭകരമല്ലെങ്കിലും ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും വേണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയ്യപ്പനെ തൊഴുത് മടങ്ങിയ ഭക്തരെ ഒറ്റയാൻ ആക്രമിച്ചു; ഒരാൾ മരിച്ചു