പ്രതിഷേധം ശക്തം; മടങ്ങാൻ സർക്കാരിന്റെ നിർദേശം, വിശ്വാസത്തെ മുറിവേൽപ്പിക്കാൻ താൽപ്പര്യമില്ലെന്ന് ഐജി
നടപ്പന്തലിൽ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചു
യുവതികൾ നടപ്പന്തലിൽ യാത്ര നിർത്തി. സന്നിധാനത്തിന് മുന്നിൽ നിന്ന് മടങ്ങാൻ ദേവസ്വം മന്ത്രിയുടെ നിർദേശം ലഭിച്ചതിനെ തുടർന്ന് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഐജിയും കൂട്ടരും. ഭക്തരെ ഉപദ്രവിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടെന്ന് നിലപാടാണ് സർക്കാരിനുള്ളത്.
പമ്പ മുതൽ ഐജിയുടെ നേത്രത്വത്തിലുള്ള പൊലീസ് വൻ സംരക്ഷണമാണ് യുവതികൾക്ക് നൽകിയത്. എല്ലാവരുമായി കൂടിയാലോചിച്ച ശേഷം നിയമം നടപ്പിലാക്കുമെന്ന് ഐ ജി ശ്രീജിത്ത് വ്യക്തമാക്കി. ബലം പ്രയോഗിക്കണമെന്ന നിലപാട് സർക്കാരിനില്ലെന്ന് ഐജി. തീർത്ഥാടകരെ ഉപദ്രവിക്കാൻ ഉദ്ദേശമില്ലെന്നതിനാൽ തിരിച്ച് പോകാനാണ് തീരുമാനമെന്ന് ഐ ജി അറിയിച്ചു.
വിശ്വാസം മാത്രമല്ല നിയമം കൂടി സംരക്ഷിക്കണം, ആരെയും ഉപദ്രവിച്ചുകൊണ്ട് മുന്നോട്ട് പോകില്ല. സമാധാനപരമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് ഐജി ആദ്യം അറിയിച്ചിരുന്നു. എന്നാൽ, എന്ത് സംഭവിച്ചാലും യുവതികളെ മല ചവുട്ടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.
സുപ്രീംകോടതി വിധി നടപ്പിലാക്കണമെങ്കിലും പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന ഭക്തരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷം യുവതികളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക എന്നത് സാധ്യമായ കാര്യമല്ല.