സാധാരണയായിരുന്ന ബിന്ദു തങ്കം കല്യാണിയുടെ ജീവിതം അസാധാരണമാം വിധം മാറി മറിഞ്ഞത് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബിന്ദു ശബരിമലയിൽ ദർശനം നടത്തിയ ശേഷമാണ്. ബിന്ദുവിനും കുടുംബത്തിനും എതിരെ ഇപ്പോഴും പലയിടങ്ങളിലും പ്രതിഷേധസ്വരങ്ങൾ ഉയരുന്നുണ്ട്.
ഇതിന്റെ പേരിൽ ബിന്ദുവിന്റെ മകള്‍ക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി ഉയർന്നിരുന്നു. പ്രവേശനം നല്‍കാമെന്ന് പറഞ്ഞ മാനേജ്‌മെന്റ് പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് പ്രവേശനം നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ബിന്ദു വ്യക്തമാക്കുന്നു.
അതേസമയം, മകൾ ഭൂമിക്കൊപ്പമാണ് താനെന്നുമെന്ന് ബിന്ദു പറയുന്നു. സാമൂഹ്യ ബഹിഷ്കരണത്തിന്റെയും അന്ത:സംഘർഷങ്ങളുടേയും നാളുകളിലൂടെയാണ് കടന്നു പോയ്ക്കോണ്ടിരിക്കുന്നത്. അഗളി സ്കൂളിൽ ഭൂമി പോകുന്നില്ല എന്നത് കുറേ സഹിച്ചതിനു ശേഷം മകൾ തന്നെ എടുത്ത തീരുമാനമായിരുന്നുവെന്ന് ബിന്ദു വ്യക്തമാക്കുന്നു.
‘അവളുടെ സമാധാനമാണ് ഏറ്റവും പ്രധാനമായി തോന്നിയത്. അതു കൊണ്ടാണ് യുദ്ധത്തിന് നിൽക്കാതെ സമാധാനമായി മാറി നിൽക്കാൻ തീരുമാനിച്ചത്. അതു കൊണ്ട് തന്നെ ഭൂമി നേരിട്ട പ്രശ്നങ്ങളെ കുറിച്ച് ആരോടും ചർച്ച ചെയ്തതുമില്ല.‘- ബിന്ദു കുറിച്ചു.