ശബരിമല നട ഇന്ന് തുറക്കും; യുവതികളെത്തിയാൽ തടയാൻ സാധ്യത
മകരവിളക്ക് ജനുവരി 15നാണ്.
വ്രതശുദ്ധിയുടെ ശരണകീർത്തനങ്ങളുമായി മണ്ഡല മകരവിളക്ക് ഉത്സവത്തിന് ഇന്നു തുടക്കം. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് യോഗനിദ്രയിലിരിക്കുന്ന കലിയുഗവരദനു മുന്നിൽ വിളക്ക് തെളിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറക്കും.
മകരവിളക്ക് ജനുവരി 15നാണ്. തീർത്ഥാടനത്തിന് സമാപനംകുറിച്ച് ജനുവരി 27ന് രാവിലെ ഏഴിന് നട അടയ്ക്കും. ദേവസ്വം മന്ത്രി കടകംപള്ളി സരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി ,ദേവസ്വം കമ്മിഷണർ എം.ഹർഷൻ തുടങ്ങിയവർ ഇന്ന് സന്നിധാനത്ത് എത്തും.
പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി വിശാല ബഞ്ചിന് വിട്ട പശ്ചാത്തലത്തിൽ ശബരിമലയിൽ സംഘർഷത്തിന് സാധ്യതയില്ലെന്നാണ് നിഗമനം. എന്നാൽ പഴയ വിധി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ യുവതികൾ ദർശനത്തിന് എത്താനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല.
ഈ സാഹചര്യത്തിൽ സംഘർഷ സാഹചര്യം ഉണ്ടായാൽ മാത്രം മുൻ വർഷത്തിന് സമാനമായി ഇലവുങ്കൽ മുതൽ സന്നിധാനം വരെ നിരോധനാജ്ഞ ഏർപ്പെടുത്തുക എന്ന തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.