ആറ് യുവതികള്‍ക്കൊപ്പം ശനിയാഴ്‌ച ശബരിമലയിലെത്തുമെന്ന് തൃപ്‌തി ദേശായി; ശക്തമായ സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
ആറ് യുവതികള്‍ക്കൊപ്പം ശനിയാഴ്‌ച ശബരിമലയിലെത്തുമെന്ന് തൃപ്‌തി ദേശായി; ശക്തമായ സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
ശബരിമല സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തില്‍ എത്തുമെന്ന് വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി.
ആറ് സ്‌ത്രീകളുമായാണ് താന്‍ കേരളത്തില്‍ എത്തുന്നതെന്നും ശനിയാഴ്ച നട തുറക്കുമ്പോള്‍ തന്നെ മല കയറാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
വിമാനത്താവളത്തിൽ നിന്നും തനിക്ക് ശബരിമല വരെ സുരക്ഷയൊരുക്കണം. ആവശ്യമായ താമസ സൗകര്യവും ഒരുക്കണം. ദർശനം നടത്താതെ താൻ മടങ്ങില്ല. മടങ്ങിപ്പോകുന്നതിന് വിമാനടിക്കറ്റ് എടുത്തിട്ടില്ലെന്നും തൃപ്തി ദേശായി കത്തിൽ വ്യക്തമാക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര സർക്കാരിനും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്‌ക്കും തൃപ്തി ദേശായി കത്തയച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന കോടതി വിധി സ്വാഗതം ചെയ്ത തൃപ്തി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിന്റെ തിയതി പ്രഖ്യാപിച്ചിരുന്നില്ല.
സ്ത്രീപ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.
അതേസമയം, ശബരിമലയിൽ സ്‌ത്രീ പ്രവേശന ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൻ സുരക്ഷാ സംവിധാനം ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം. നാല് ഘട്ടങ്ങളിലായി ഏതാണ്ട് 4500 പൊലീസുകാരെ വീതം നിയമിക്കുമെന്നാണ് ഓദ്യോഗിക വിശദീകരണം.