പത്തനംതിട്ട: മണ്ഡലകാല മഹോത്സവത്തിന് വൃശ്ചികം ഒന്ന് തിങ്കളാഴ്ച തുടക്കമിടുമ്പോള്‍ കാലാകാലങ്ങളായി അയ്യപ്പ സന്നിധിയില്‍ എത്തുന്ന അയ്യപ്പഭക്തന്മാരെ പതിനെട്ടാം പടി കയറുമ്പോള്‍ പോലീസ് അയ്യപ്പന്മാര്‍ പിടിച്ചുകയറ്റി സഹായിക്കുന്ന പതിവ് ഇത്തവണ വേണ്ടെന്നു വയ്ക്കുകയാണ്. ഇതിനൊപ്പം പതിനെട്ടാം പറ്റിയിലും പരിശോധനാ കേന്ദ്രങ്ങളും ഉള്‍പ്പെടെ ഒരിടത്തും തീര്‍ത്ഥാടകരുടെ ദേഹത്ത് സ്പര്‍ശിക്കരുത് എന്നാണു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതിനൊപ്പം ശബരിമല ഡ്യൂട്ടിയിലെത്തുന്ന പോലീസുകാര്‍ പി.പി.ഇ കിറ്റ് ധരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വരിയില്‍ നില്‍ക്കുന്ന അയ്യപ്പ ഭക്തരെ നിയന്ത്രിക്കുന്നതിനായി വടം ഉപയോഗിക്കുന്നത് വേണ്ടെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അയ്യപ്പഭക്തര്‍ക്ക് പാഞ്ചാലിമേട്, പുല്ലുമേട്, പരുന്തുംപാറ എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കണമെന്നും മകരവിളക്ക് സമയത്ത് മറ്റു സ്ഥലങ്ങളിലും വേണ്ട സൗകര്യം ഒരുക്കണമെന്നാണ് നിര്‍ദ്ദേശം.
ഇത് കൂടാതെ എരുമേലിയില്‍ നിന്ന് പമ്പയിലേക്കുള്ള പരമ്പരാഗത പാതയിലൂടെ പോകുന്ന തീര്‍ഥാടകര്‍ പമ്പയില്‍ വൈകിട്ട് അഞ്ചുമണിക്ക് എത്തുന്ന തരത്തില്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളു. എന്നാല്‍ അഞ്ചു മണിക്ക് ശേഷം ഈ പാതയിലൂടെ ആരെങ്കിലും പോയാല്‍ അവരെ തടയുകയും രാത്രി താങ്ങാന്‍ സൗകര്യം നല്‍കണമെന്നുമാണ് നിര്‍ദ്ദേശം. ചെറുകിട കച്ചവടക്കാരുടെ കടന്നുകയറ്റം തടയാനും നിര്‍ദ്ദേശമുണ്ട്.