ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരും. നേരത്തെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം ശബരിമലയില്‍ ദര്‍ശനത്തിന് അനുമതി നല്‍കിയാല്‍ മതിയെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ എടുത്തിരുന്നത്. പിന്നാലെ വ്യാപക വിമര്‍ശനങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടായി. ഇതേ തുടര്‍ന്ന് മുന്നത്തെ അനുഭവങ്ങളും കണക്കിലെടുത്ത് നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
വെര്‍ച്ചല്‍ ക്യൂ സംവിധാനം ശക്തിപ്പെടുത്താന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തിരുപ്പതി ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നല്ല രീതിയിലാണ് ഈ സംവിധാനം നടന്നുവരുന്നത്. ശബരിമലയില്‍ അതിനാലാണ് 2021 മുതല്‍ ഇത് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെ ഇത്തരം സംവിധാനത്തെ കുറിച്ച് അറിയാതെയും വരുന്ന ഭക്തജനങ്ങള്‍ക്കും സുഗമമായ ദര്‍ശനത്തിന് അവസരം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.