ശബരിമലയില്‍ പ്രതിദിനം 80000 ഭക്തരെ വെര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനത്തിനനുവദിക്കുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. നിലക്കലില്‍ പതിനായിരത്തിനു മുകളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. എരുമേലിയില്‍ പാര്‍ക്കിംഗ് രണ്ടായിരമായി വര്‍ധിപ്പിക്കും. ആവശ്യമായ ആറേക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്തര്‍ക്ക് ശുദ്ധമായ ദാഹജലം നല്‍കുന്നതിനുള്ള 4000 ലിറ്റര്‍ പ്ലാന്റിന്റെ ശേഷി പതിനായിരമാക്കി ഉയര്‍ത്തുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. കടകളില്‍ വില്‍ക്കുന്ന കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കും.