യുഡിഎഫില്‍ നിന്നിട്ട് കാര്യമില്ലെന്ന് ആര്‍.എസ്.പി.യില്‍ വലിയൊരു വിഭാഗം നേതാക്കള്‍. മുന്നണി മാറ്റം വേണമെന്ന് പൊതുവെ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്നലെ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഭൂരിപക്ഷം നേതാക്കളും മുന്നണി മാറ്റമാണ് ഉചിതമെന്ന ആശയം മുന്നോട്ടുവച്ചത്. യുഡിഎഫില്‍ തുടരുന്നത് നഷ്ടക്കച്ചവടമാണെന്നാണ് മിക്ക നേതാക്കളുടെയും അഭിപ്രായം. എന്നാല്‍, ഇടതുമുന്നണിയിലേക്ക് തിരിച്ചുചെന്നാല്‍ അവിടെ എങ്ങനെ സ്വീകരിക്കപ്പെടും എന്ന കാര്യത്തിലും നേതാക്കള്‍ക്ക് ആശങ്കയുണ്ട്.
2014 ല്‍ ഇടതുമുന്നണി വിട്ട ശേഷം നടന്ന ആറ് തിരഞ്ഞെടുപ്പുകളില്‍ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മാത്രമാണ് ആര്‍.എസ്.പിക്ക് ജയിക്കാന്‍ സാധിച്ചത്. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എന്‍.കെ.പ്രേമചന്ദ്രന്റെ വിജയമാണത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ പോലും വിജയിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ഇടത് ആഭിമുഖ്യമുള്ള മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്‍.എസ്.പി. മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ എല്‍ഡിഎഫിലേക്ക് തിരിച്ചുപോകുകയാണ് പാര്‍ട്ടി പൂര്‍ണമായി തകരാതിരിക്കാന്‍ ഉചിതമെന്ന് വലിയൊരു വിഭാഗം അഭിപ്രായപ്പെട്ടു.