Select Your Language

Notifications

webdunia
webdunia
webdunia
webdunia

20 സാക്ഷികൾ കൂറുമാറിയത് ദിലീപ് പറഞ്ഞിട്ട്, നടന്നത് റേപ്പ് ക്വട്ടേഷനെന്ന് സർക്കാർ കോടതിയിൽ

20 സാക്ഷികൾ കൂറുമാറിയത് ദിലീപ് പറഞ്ഞിട്ട്, നടന്നത് റേപ്പ് ക്വട്ടേഷനെന്ന് സർക്കാർ കോടതിയിൽ
, വ്യാഴം, 20 ജനുവരി 2022 (16:24 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ.ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്,  ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ 'വിഐപി' എന്ന് വിളിക്കപ്പെട്ട ആറാമൻ ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നത്.
 
അസാധാരണമായ കേസാണിതെന്നും ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണെന്നും, സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെ തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
 
കേസിലെ മുഖ്യസൂത്രധാരൻ ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷൻ വാദം. ദിലീപ് സ്വാധീനം ചെലുത്തി 20 സാക്ഷികളാണ് കൂറുമാറിയത്.ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
 
ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. ശബ്ദ സാമ്പിളുകളും പരിശോധിക്കണം. നിരവധി തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.ദീലിപിന്റേയും സഹോദരന്റേയും വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ 19 വസ്തുക്കള്‍ കണ്ടെത്തി. നിയമത്തെ മറികടക്കാനുള്ള സകല ശ്രമങ്ങളും ദിലീപ് നടത്തുന്നുണ്ട്.
 
ഇന്ന് രാവിലെ  സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തിന്‍റെ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് പ്രോസിക്യൂഷൻ കൈമാറിയിരുന്നു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് തനിക്ക് തരണമെന്ന ദിലീപിന്‍റെ ആവശ്യം പ്രോസിക്യൂഷന്‍ തള്ളി. നാല് പുതിയ സാക്ഷികളെ ഈ മാസം 22-ന് വിസ്തരിക്കാനും ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഖിലേഷ് യാദവിന്റെ ബന്ധു പ്രമോദ് ഗുപ്‌തയും കോൺഗ്രസ് നേതാവ് പ്രിയങ്ക മൗര്യയും ബിജെപിയിൽ