എന്തിനാണു സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും പാട്ടുകളും?- പാർവതിയെ അനുകൂലിച്ച് രേവതി
റിമയ്ക്കും ഗീതുവിനും പിന്നാലെ രേവതിയും!
മമ്മൂട്ടി നായകനായ കസബയെന്ന ചിത്രത്തേയും ചിത്രത്തിലെ നായകകഥാപാത്രം പറയുന്ന ചില ഡയലോഗിനെയും വിമർശിച്ച നടി പാർവതിയ്ക്ക് പിന്തുണയുമായി രേവതി. വിഷയത്തിൽ വിരകധി ആളുകൾ പാർവതിയ്ക്കെതിരെ വന്നെങ്കിലും റിമ കല്ലിങ്കലും ഗീതു മോഹൻദാസും മാത്രമായിരുന്നു പാർവതിക്കൊപ്പം നിന്നത്. ഇപ്പോഴിതാ, നടി രേവതിക്കും പാർവതിയുടെ നിലപാട് തന്നെയാണ്.
മറ്റുരാജ്യങ്ങളിലേക്കാള്‍ വ്യക്തി സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട് എന്ന വസ്തുത അംഗീകരിക്കുമ്പോള്‍തന്നെ സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു തെല്ലും വില കൽപ്പിക്കുന്നില്ല. സ്ത്രീ ദൈവങ്ങളെ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന രാജ്യത്തു പോലും സ്ത്രീകളുടെ അഭിപ്രായത്തിനു വിലയില്ലെന്നതു ഖേദകരമാണ്. - രേവതി പറഞ്ഞു.
സമൂഹമാധ്യമത്തില്‍ താരങ്ങളെ വ്യക്തിഹത്യചെയ്യുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.സിനിമ വിനോദത്തിനാണെന്നതു സത്യം തന്നെ. പക്ഷേ, എന്തിനാണു സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും പാട്ടുകളും? അതോ ഇത്തരം പാട്ടുകളും സംഭാഷണങ്ങളും വിനോദം തന്നെയാണോ?- എന്നും രേവതി ചോദിക്കുന്നു.
നടന്മാരിലെ സൂപ്പര്‍താരങ്ങള്‍ക്ക് അവരുടെ ആരാധകരുടെ ചിന്താതലങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നും അതുകൊണ്ട് മോശമായ വാക്കുകള്‍ പറയുകയോ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന രംഗങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുകയോ ചെയ്യരുതെന്നും പാര്‍വതി ആവശ്യപ്പെടുകയുണ്ടായി. താരങ്ങള്‍ ഇപ്പോള്‍ തന്നെ സാമൂഹിക മാന്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചെന്നും അതിന്റെ ഫലം അനുഭവിക്കുന്നത് ഇന്നത്തെ സമൂഹത്തിലെ പെണ്‍കുട്ടികളും സ്ത്രീകളുമാണെന്നായിരുന്നു പാർവതി പറഞ്ഞത്.