റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന പുഴുക്കലരിയിലെ വെളുത്ത നിറത്തിലെ വസ്തു വിവിധ വിറ്റാമിനുകളുടെ സംയുക്തമാണെന്നും ഇത് ഭക്ഷ്യയോഗ്യമാണെന്നും സംസ്ഥാന ഫുഡ് കമ്മീഷന്‍ സബിതാ ബീഗം പറഞ്ഞു. അരിയുടെ അതേ ആകൃതിയില്‍ ആണ് ഇവ കാണപ്പെടുന്നത്. തെറ്റിദ്ധാരണ മൂലം പാചകത്തിന് ഗുണനിലവാരം ഇല്ലാത്തതെന്ന് കരുതി പലരും ഇത് ഒഴിവാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.
കുളത്തൂപ്പുഴ ചെറുകര ആദിവാസി കോളനിയില്‍ സന്ദര്‍ശനം നടത്തി പ്രദേശ വാസികളുമായി സംവദിക്കവെയാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ കോളനി വാസികള്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണം നടത്തും. എസ് ടി പ്രമോട്ടറും കുടുംബശ്രീ പ്രവര്‍ത്തകരും അയല്‍ക്കൂട്ടങ്ങളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.