സ്വര്‍ണക്കടത്തുകാരുടെയും സഖ്യമാണ് ഇന്‍ഡി സഖ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ശശി തരൂര്‍ എംപിയുടെ സെക്രട്ടറി സ്വര്‍ണം കടത്തിയതിന് അറസ്റ്റിലായതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം പറഞ്ഞത്. ശശിതരൂരും രാജീവ് ചന്ദ്രശേഖരും കടുത്ത മത്സരമാണ് ഇത്തവണം തിരുവനന്തപുരത്ത് കാഴ്ചവച്ചത്.
അതേസമയം സ്വര്‍ണം കടത്തിയ കേസില്‍ തന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി അറസ്റ്റിലായ സംഭവം ഞെട്ടിച്ചുവെന്ന് തരൂര്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ശിവകുമാര്‍ അറസ്റ്റിലാകുന്നത്. അരക്കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ വാങ്ങാനെത്തിയപ്പോഴാണ് പിടിയിലായത്. സ്ഥിരം ഡയാലിസിസിന് വിധേയനാകുന്ന 72കാരനാണ് ശിവകുമാറെന്നും ഇപ്പോള്‍ പാര്‍ട്ടൈമായാണ് തനിക്കുവേണ്ടി ജോലി ചെയ്യുന്നതെന്നും തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.