വീണ്ടും മഴയെത്തും; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു - താഴ്‌ന്ന പ്രദേശങ്ങളില്‍ ദുരിതം
വീണ്ടും മഴയെത്തും; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു - താഴ്‌ന്ന പ്രദേശങ്ങളില്‍ ദുരിതം
നേരിയ ശമനത്തിനു ശേഷം മഴ കേരളത്തിലേക്ക് വീണ്ടും എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 14വരെ അതിശക്തമായ മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെ റെഡ് അലേര്‍ട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ 13വരെ റെഡ് അലർട്ടും 15വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആഗസ്റ്റ് 12വരെയാണ് റെഡ് അലർട്ട്. ഇവിടങ്ങളിൽ 14വരെ ഓറഞ്ച് അലർട്ടും തുടരും.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായാണ് വിവിധ ജില്ലകളില്‍ ഇപ്പോള്‍ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയത്.
അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്‌ന്നു. വൃഷ്ടിപ്രദേശത്ത് മഴകുറഞ്ഞതാണ് അണക്കെട്ടില്‍ ജലനിരപ്പ് കുറയാന്‍ സഹായകമായത്. ഷട്ടർ തുറന്നതിന് ശേഷം ആദ്യമായാണ് ജലനിരപ്പ് കുറയുന്നത്. എന്നാല്‍ ചെറുതോണിയിലും സമീപ പ്രദേശങ്ങളിലും ദുരിതം വിട്ടുമാറിയിട്ടില്ല. താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വീടുകളില്‍ ചെളിയും വെള്ളവും നിറഞ്ഞതിനു പുറമെ പാമ്പ് ശല്യവും രൂക്ഷമായി.